എം.എം അക്ബര്‍ ജയില്‍ മോചിതനായി
കാക്കനാട്: പാഠ്യപദ്ധതിയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ റിമാന്‍ഡിലായ പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം.എം അക്ബര്‍ ജയില്‍ മോചിതനായി.
കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അദ്ദേഹം ജയില്‍ മോചിതനായത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഏഴ് ദിവസം എം.എം അക്ബര്‍ റിമാന്‍ഡിലായിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതിയല്ല തന്റെ അറസ്റ്റിന് കാരണമായതെന്ന് ജയില്‍ മോചിതനായ അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
അക്ബര്‍ ജയില്‍ മോചിതനാകുന്ന വിവരം അറിഞ്ഞ് പ്രമുഖരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ജയിലിലെത്തിയിരുന്നു. എം.എല്‍.എമാരായ പി.വി അന്‍വര്‍ അദ്ദേഹത്തെ ജയിലിനകത്ത് സന്ദര്‍ശിച്ചു. ജയിലിന് പുറത്ത് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും, കാക്കനാട് സലഫി ജുമാമസ്ജിദിലെത്തി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയും അദ്ദേഹത്തെ കണ്ട് സംസാരിച്ചു.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ്, കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.ഇ.അബ്ദുള്‍ ഗഫൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.എം അബ്ബാസ്, ജില്ലാ സെക്രട്ടറി ഹംസ പറക്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ടി.എം അലി, കെ.എന്‍.എം ജില്ലാ കണ്‍വിനര്‍ എന്‍.കെ. ത്വാഹ, ജില്ല സെക്രട്ടറി ടി.കെ അബുബക്കര്‍, നൂര്‍ സേഠ്, മുസ്ലിം ലീഗ് നേതാക്കളായ ഹംസ മൂലയില്‍, പി.എം.എ ലത്തീഫ്, അബ്ദുള്‍ സലാം ഹാജി, എ.എ ഇബ്രാഹിംകുട്ടി, ഇബ്രാഹിം ചിറ്റേത്തുകര, സി.എ റഹിം, കെ.കെ അക്ബര്‍, സുബൈര്‍ കരുവള്ളി, കെ.കെ ഇബ്രാഹിം, വി.എം.എ ബക്കര്‍, പി.എം മാഹിന്‍കുട്ടി, സി.എസ്.സിയാദ്, തുടങ്ങി വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടന നേതാക്കള്‍ അദ്ദേഹത്തെ കാണാന്‍ ജയിലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."