വെള്ളം കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നതായി പരാതി നീരൊഴുക്ക് കുറഞ്ഞ് നൂല്‍പ്പുഴ
കല്‍പ്പറ്റ: വേനല്‍ കനത്തതോടെ നീരൊഴുക്ക് കുറഞ്ഞ നൂല്‍പ്പുഴയിലെ വെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നതായി പരാതി. അനധികൃത പമ്പിങിനെതിരേ രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് പുഴവെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍.
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ ഇഞ്ചിപ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും നനയ്ക്കുന്നതിനാണ് പുഴയോരത്ത് ഡീസല്‍ മോട്ടോറുകള്‍ സ്ഥാപിച്ച് സ്വകാര്യവ്യക്തികള്‍ വെള്ളം പമ്പു ചെയ്യുന്നത്. നൂല്‍പ്പുഴയുടെ പ്രധാന കൈവഴിയായ ചെട്യാലത്തൂര്‍ തോട്ടില്‍ തടയണ കെട്ടിയാണ് കാപ്പിത്തോട്ടം നനയ്ക്കുന്നത്.
മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം മൈക്കരയില്‍ പുഴയോടു ചേര്‍ന്ന് മുന്നു കൂറ്റന്‍ ഡീസല്‍ പമ്പുസെറ്റുകള്‍ സ്ഥാപിച്ച് വെള്ളം പമ്പു ചെയ്യുന്നുണ്ട്. മൈക്കര വയലില്‍ ഇഞ്ചികൃഷി നടത്തുന്നവരാണ് പുഴയില്‍നിന്നു ജലമൂറ്റുന്നത്. ഇതിനു വനംവന്യജീവി പാലകരില്‍ ചിലര്‍ ഒത്താശ ചെയ്യുന്നതായും പ്രദേശവാസികള്‍ പറയുന്നു. മൈക്കരയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച പമ്പുസെറ്റുകള്‍ക്ക് സമീപത്താണ് ബത്തേരിനൂല്‍പ്പുഴ ശുദ്ധജല പദ്ധതിയുടെ സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണര്‍. ഇതില്‍ വെള്ളം കുറവായതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സംഭരണിയിലേക്ക് പമ്പിങ്. എന്നിരിക്കെയാണ് ലക്ഷക്കണക്കിനു ലിറ്റര്‍ പുഴവെള്ളം ഇഞ്ചിപ്പാടത്ത് എത്തിക്കുന്നത്.
വേനല്‍ കനക്കുന്നതോടെ വറ്റുകയോ ജലനിരപ്പ് ഗണ്യമായി കുറയുകയോ ചെയ്യുന്നതാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി, രാംപള്ളി, കുമിഴി, ചെട്യാലത്തൂര്‍ പ്രദേശങ്ങള്‍.
ഇവിടങ്ങളിലെ നൂറുകണക്കിനു വരുന്ന ആദിവാസി കുടുംബങ്ങളെയാണ് പുഴവെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പുചെയ്യുന്നത് കൂടുതല്‍ ബാധിക്കുന്നത്. ചൂടിന്റെ കാഠിന്യംമൂലമുള്ള വിളനാശം പരമാവധി ഒഴിവാക്കുന്നിനാണ് സ്വകാര്യ വ്യക്തികള്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുന്നത്. എങ്കിലും ഇത് വന്യജീവികള്‍ക്കും നൂറുകണക്കിനു കുടുംബങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തടയണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."