ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു
ഗസ്സ: ലബനാനിൽ വെടിനിർത്തൽ നിലവിൽ വരികയും ഫലസ്തീനിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഗസ്സയിൽ സയണിസ്റ്റുകളുടെ മിസൈൽ വർഷം. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി താരതമ്യം ചെയ്യുക ആണെങ്കിൽ രക്തരൂക്ഷിതമായ 24 മണിക്കൂർ ആണ് ഗസ്സയിൽ പിന്നിട്ടത്. 24 മണിക്കൂറിനിടെ മാത്രം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
ബെയ്ത്ലഹിയയിൽ മാത്രം 75 പേര് കൊല്ലപ്പെട്ടു. ഇവിടെ രണ്ട് വലിയ വീടുകൾക്ക് നേരെ ഇസ്റാഈൽ ബോംബിടുകയായിരുന്നു. 75 പേരും രണ്ട് കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്. ഈ കുടുംബത്തിലെ ആരെയും അധിനിവേശ സൈന്യം ബാക്കിയാക്കിയില്ല.
കുട്ടികളുടെയടക്കം മൃതദേഹങ്ങൾ ചിതറി കിടക്കുന്നതായും രക്ഷാപ്രവർത്തനം ഇസ്രായേൽ തടയുക ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ആക്രമണം 419 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 44,363 ആയി. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ആണ്.
ഇതോടൊപ്പം ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് പടിഞ്ഞാറുള്ള ഇദ്‌ന പട്ടണം, ജെനിന് തെക്ക് യാബാദ് പട്ടണം, ജെനിൻ്റെ തെക്കുപടിഞ്ഞാറുള്ള സിലാത്ത് അഡ്-ദഹർ പട്ടണം, ബെത്‌ലഹേമിന് പടിഞ്ഞാറുള്ള നഹാലിൻ പട്ടണം, നബ്ലസിൻ്റെ തെക്ക് ജമാഇൻ പട്ടണം എന്നിവിടങ്ങളിൽ എല്ലാം ആക്രമണം റിപ്പോർട്ട് ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി ഉൾപ്പെടെ ഒമ്പത് ഫലസ്തീനികളെ ആണ് ഇസ്രായേൽ സൈന്യം കൊന്നത്. വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിൻ്റെ (OCHA) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ സേന തുടർച്ചയായ റെയ്ഡ് ഓപ്പറേഷനുകൾ നടത്തിയതിന് ശേഷം 12 കുട്ടികൾ ഉൾപ്പെടെ 37 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.
അതേസമയം വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിലെത്തും. വെടിനിർത്തലിനും ഗാസ മുനമ്പിലെ തടവുകാരുടെ മോചനം സംബന്ധിച്ച കരാറിനുമുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ഹമാസ് പ്രതിനിധി ഇന്ന് കെയ്‌റോയിലേക്ക് പോകുമെന്ന് ഫലസ്തീൻ സായുധ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഫ്രഞ്ച് വാർത്താ ഏജൻസിയായ AFP യോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."