കോണ്‍ഗ്രസ് നേതൃത്വത്തില്‍ കര്‍ഷകര്‍ സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്യും
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ ഏപ്രില്‍ നാലിന് കോണ്‍ഗ്രസും കര്‍ഷക കോണ്‍ഗ്രസും സംയുക്തമായി സെക്രട്ടേറിയറ്റ് പിക്കറ്റിങ് നടത്തി അറസ്റ്റ് വരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കര്‍ഷക കോണ്‍ഗ്രസ് നേതൃയോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണ്. വാഗ്ദാനങ്ങളല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ല. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം എത്രയും വേഗം കൊടുത്തുതീര്‍ക്കണം. ഉപാധിരഹിത പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. കര്‍ഷക പെന്ഷന് കുടിശ്ശിക വിതരണം ചെയ്യുന്നതോടൊപ്പം പെന്ഷന് തുക 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി, സുരേഷ് കോശി, രാജേന്ദ്ര പ്രസാദ്, സണ്ണി കലൂര്‍, ജോര്‍ജ് ജേക്കബ്, ഷാജഹാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."