പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: മുന്‍ എഫ്.ബി.ഐ ഉപമേധാവി നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സമിതിക്കു കൈമാറി
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സമിതിക്കു കൈമാറിയതായി റിപ്പോര്‍ട്ട്.
മുന്‍ എഫ്.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ ആന്‍ഡ്ര്യു മക്കാബെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണം അടക്കമുള്ള വിവരങ്ങള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. അന്വേഷണം തടസപ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ.
കഴിഞ്ഞ ദിവസമാണ് മക്കാബെയെ യു.എന്‍ അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് സര്‍വിസില്‍നിന്നു പുറത്താക്കിയത്. റിട്ടയര്‍മെന്റിന് വെറും 24 മണിക്കൂര്‍ ശേഷിക്കെയായിരുന്നു നടപടി. ഇതോടൊപ്പം അദ്ദേഹത്തിന്റെ 50-ാമത് ജന്മദിനത്തിനു രണ്ടു ദിവസത്തിന്റെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ആരോപിച്ചുള്ള ആഭ്യന്തര റിവ്യു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ എഫ്.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മക്കാബെ രാജിവച്ചിരുന്നു. തുടര്‍ന്ന് റിട്ടയര്‍മെന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ സര്‍വിസില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ ട്രംപ് മക്കാബെക്കെതിരേ ആരോപണമുന്നയിച്ചിരുന്നു.
മുന്‍ എഫ്.ബി.ഐ ഡയരക്ടര്‍ റോബര്‍ട്ട് മ്യുളറുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നത്. അന്വേഷണം തനിക്കെതിരായ വേട്ടയാണെന്ന് ട്രംപ് പലതവണ പ്രതികരിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ 19 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."