ഹൈടെക് ക്ലാസ്മുറികള്‍ ജൂണ്‍ 30ന് മുന്‍പ്
തിരുവനന്തപുരം: ജൂണ്‍ 30ന് മുന്‍പ് സംസ്ഥാനത്തെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ്മുറികള്‍ ഹൈടെക്കാവുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന 141 സ്‌കൂളുകളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ തറക്കല്ലിടല്‍ ഉത്സവങ്ങള്‍ നടത്തും. ഒരുമണ്ഡലത്തില്‍ ചുരുങ്ങിയത് 12.5 കോടിരൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുക. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയിലാകും. ഒന്നുമുതല്‍ 12 വരെയുള്ള പൊതുവിദ്യാലയങ്ങളാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരിക. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും.
അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി. പൂര്‍ണമായി കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ബ്രെയ്‌ലി ലിപിയിലുള്ള പുസ്തകങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."