ഇറാന് മുന്നറിയിപ്പുമായി സഊദി സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരേ
റിയാദ്: സഊദിക്കെതിരേ കൂട്ട മിസൈല്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇറാനെതിരേ ശക്തമായ മുന്നറിയിപ്പുമായി സഊദി. യമനിലെ ഹൂതികള്‍ക്ക് ഇറാന് നല്കിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സഊദി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരേ സഊദി ശക്തമായി പ്രതികരിക്കുമെന്ന് രാജാവ് യോഗത്തില്‍ പ്രഖ്യാപിച്ചു.
ഇതാദ്യമായാണ് സഊദി ഇത്തരത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഹൂതി സായുധ സേനയുടെ അക്രമം ഇറാന്റെ ഇടപെടലിന്റെ തെളിവാണെന്നും നശീകരണാത്മകമായ പങ്കാണ് ഇറാന് നടത്തുന്നതെന്നും യോഗം വിലയിരുത്തി. നിരോധിച്ച ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് രാജ്യത്ത് കുടിയേറ്റം ലക്ഷ്യമാക്കിയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇവരുടെ കടന്നാക്രമണം ഇറാനിയന്‍ ഭരണകൂടത്തിന്റെ സഹായം മൂലമാണെന്ന് തെളിയുന്നതായും മന്ത്രി സഭാ യോഗം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 2216, 2231 കരാര്‍ ലംഘനവുമാണിത്.
ഞായറാഴ്ച രാത്രി ഹൂതികള്‍ ഏഴു മിസൈലുകളാണ് സഊദിയുടെ നേരെ വിക്ഷേപിച്ചത്. എന്നാല്‍ സഊദി വ്യോമ പ്രതിരോധ സേന ഇവയെല്ലാം ആകാശത്തുവച്ച് തന്നെ തകര്‍ക്കുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വീണാണ് ഒരു ഈജിപ്ഷ്യന്‍ പൗരന് കൊല്ലപ്പെട്ടത്. മുഴുവന്‍ മിസൈലുകളും ഭൂമിയില്‍ പതിക്കാതെ ആകാശത്ത് വച്ച് തകര്‍ത്ത സഊദി റോയല്‍ പ്രതിരോധ സേനയുടെ പങ്ക് മഹത്തരമെന്നും യോഗം വിലയിരുത്തി. സംഭവത്തില്‍ സഊദിക്ക് അനുകൂലമായി നിലകൊള്ളുകയും പ്രതിഷേധിക്കുകയും ചെയ്ത ലോക രാജ്യങ്ങളുടെ നടപടിയെ മന്ത്രിസഭാ യോഗം പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."