തോറ്റുകൊടുത്ത് മിസോറം: കര്‍ണാടകയുടെ എതിരാളി ബംഗാള്‍
കൊല്‍ക്കത്ത: മലയാളി കരുത്തില്‍ മിസോറമിനെ വീഴ്ത്തി ബി ഗ്രൂപ്പ് ചാംപ്യന്‍മാരായ കര്‍ണാടക പ്ലോ ഓഫ് പോരാട്ടത്തില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ നേരിടും. മലയാളി താരം എസ് രാജേഷ് 74-ാം മിനുട്ടില്‍ നേടിയ ഒരു ഗോളിനായിരുന്നു കുരത്തരായ മിസോറമിനെ വീഴ്ത്തി 72-ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് കര്‍ണാക ഓടിക്കയറിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 4-1 ന് ഗോവ പഞ്ചാബിനെ വീഴ്ത്തി. എന്നാല്‍, കര്‍ണാടക മിസോറമിനെ വീഴ്ത്തിയതോടെ ഇരു ടീമുകളും ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും മികച്ച രീതിയില്‍ തന്നെ വിജയിച്ച മിസോറാം ആതിഥേയരായ ബംഗാളിനെ എതിരാളികളായി കിട്ടുന്നതില്‍ സന്തോഷവാന്‍മാരായിരുന്നില്ല. ഹോം ടീമുമായി സെമിയില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള നീക്കവും കര്‍ണാടകയുമായുള്ള അവസാന പോരാട്ടത്തില്‍ ദൃശ്യമായി. മിസോറാം ജയം തേടി കളിച്ചില്ലെന്ന് തന്നെ പറയാം. സമനിലയെങ്കിലും പ്രതീക്ഷിച്ചാണ് കര്‍ണാടക പന്തുതട്ടിയതെങ്കില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരകഥ പോലെ തോറ്റു കൊടുക്കാന്‍ നിശ്ചയിച്ചു തന്നെയായിരുന്നു മിസോറാമിന്റെ താരങ്ങള്‍ പന്തുതട്ടിയത്.
സമനില വിടാതെ ആദ്യ പകുതി
മിസോറാം കര്‍ണാടക പോരാട്ടം തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളിന്റേതായിരുന്നു. കുറിയ പാസുകളിലൂടെ മിസോറാമും കര്‍ണാടകയും പരസ്പരം കനത്ത ആക്രമണം തന്നെ നടത്തി. ഇടയ്ക്കിടെ ലോങ് ബോള്‍ പരീക്ഷണവും നടത്തി. ആദ്യ മിനുട്ടുകളില്‍ തന്നെ മിസോറാമിന് ഗോളെന്ന് ഉറപ്പിച്ച ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കര്‍ണാടകയും അടിക്ക് തിരിച്ചടി എന്ന രീതിയില്‍ മുന്നേറി.
എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. അര ഡസനിലേറെ ഗോള്‍ അവസരങ്ങളാണ് ഇരു ടീമുകളും പാഴാക്കിയത്. ഗോള്‍മുഖം തുറന്നിടാതെ കര്‍ണാടക ശക്തമായ പ്രതിരോധക്കോട്ട തന്നെ തീര്‍ത്തു. വിള്ളലുകള്‍ വീണ മിസോറാമിന്റെ പ്രതിരോധത്തെ കീറിമുറിച്ചു കര്‍ണാടക ശക്തമായ ആക്രമണം നടത്തി.
കര്‍ണാടകയുടെ മലയാളി താരങ്ങളായ എസ് രാജേഷും ലിയോണ്‍ അഗസ്റ്റിനും ഉള്‍പ്പടെ ഗോളടിക്കാനുള്ള മികച്ച അവസരങ്ങള്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പാഴാക്കി. മിസോറാം താരങ്ങളും ഇതേരീതിയില്‍ തന്നെയായിരുന്നു പന്തുതട്ടിയത്. കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിച്ചത് കര്‍ണാടകയ്ക്കായിരുന്നു. ഫിനിഷിങിലെ പോരായ്മയാണ് കര്‍ണാടകയ്ക്ക് വിനയായത്.
സുരക്ഷയുടെ മതില്‍ക്കെട്ടു ഉയര്‍ത്തിയ കന്നട പ്രതിരോധത്തിന്റെ മിടുക്കാണ് അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളായ മിസോറാമിന് തിരിച്ചടിയായത്.
ആക്രമണത്തിന്റെ രണ്ടാം പാതി
രണ്ടാം പകുതിയില്‍ കര്‍ണാടക സെമി ഫൈനല്‍ പ്രവേശനം ലക്ഷ്യമിട്ടു ശക്തമായ ആക്രമണം തന്നെ നടത്തി. ഒരു സമനില നേടിയാല്‍ അത് പ്ലേ ഓഫിലേക്കു വഴിയൊരുക്കുമെന്ന തിരിച്ചറിവില്‍ ജയം തേടി തന്നെ കര്‍ണാടക താരങ്ങള്‍ പന്തുതട്ടി. വിങുകളിലൂടെയും മധ്യത്തിലൂടെയു രാജേഷും ലിയോണും നായകന്‍ വിഗ്‌നേഷ് ഗുണശേഖരനും മിന്നുന്ന ആക്രമണം മിസോറാം ഗോള്‍ മുഖത്തേക്ക് നടത്തി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ നടത്തിയ ആക്രമണ സ്വഭാവം നിലനിര്‍ത്താന്‍ കര്‍ണാടക പരമാവധി ശ്രമിച്ചു. ഒടുവില്‍ ഗോളടിച്ച് വിജയിച്ച് തന്നെ പ്ലേ ഓഫിലേക്ക് കര്‍ണാടക കടന്നുകൂടി.
മലയാളിയോട് നന്ദി
ചൊല്ലി കന്നട
തല ഉയര്‍ത്തി തന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയതിന് കന്നടക്കാര്‍ നന്ദി ചൊല്ലുന്നത് മലയാളി താരങ്ങളോട്. മിന്നല്‍ വേഗത്തില്‍ ആക്രമണത്തിന്റെ കെട്ടഴിച്ചു പായുന്ന മിസോറാമിനെ വീഴ്ത്തിയത് തിരുവനന്തപുരം പൊഴിയൂരിന്റെ താരമായ എസ് രാജേഷിന്റെ മനോഹരമായ ഗോളിലൂടെയായിരുന്നു.
ആദ്യ പകുതി മുതല്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയ രാജേഷ് ഒടുവില്‍ കര്‍ണാടകയെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും കൈ പിടിച്ചു നടത്തിച്ചു.
74-ാം മിനുട്ടിലായിരുന്നു വിജയ ഗോള്‍ പിറന്നത്. കെ സുകേഷ് ലിയോണ്‍ എടുത്ത കോര്‍ണര്‍ കിക്ക് നേരെ എത്തിയത് മറ്റൊരു മലയാളി താരമായ ലീയോണ്‍ അഗസ്റ്റിനിലേക്ക്. പന്ത് പിടിച്ചെടുത്ത് ഗോളാക്കാനുള്ള ലിയോണിന്റെ ശ്രമം പാളി. ഇതിനിടെ പന്ത് കിട്ടിയ രാജേഷ് കട്ട് ചെയ്തു മിസോറാം ഗോളി ആന്‍ഡ്രൂ ഹാമിഗലിനെ നിഷ്പ്രഭനാക്കി വലയിലേക്ക് നിറയൊഴിച്ചു. സ്‌കോര്‍: കര്‍ണാടക 1 - 0 മിസോറം.
ഗോള്‍ മന്നന്‍ രാജേഷ്
തിരുവനന്തപുരം പൊഴിയൂരിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ നിന്നും കാല്‍പന്തുകളിയുടെ ലോകത്തേക്ക് എത്തിയ രാജേഷ് ആറ് സന്തോഷ്ട് ട്രോഫികളിലായി അടിച്ചു കൂട്ടിയത് 27 ഗോള്‍. കര്‍ണാടകയ്ക്കും റെയില്‍വേസിനും വേണ്ടിയായിരുന്നു ഗോള്‍ വേട്ട. മുന്നേറ്റനിരയിലെ ഈ ആക്രമണകാരി പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണാടകയെ ഫൈനല്‍ റൗണ്ടില്‍ എത്തിക്കാന്‍ നാല് ഗോള്‍ സമ്മാനിച്ചിരുന്നു. ഫൈനല്‍ റൗണ്ടിലെ നാല് മത്സരങ്ങളില്‍ നിന്നായി ഇതിനകം നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു. ഈ സന്തോഷ് ട്രോഫിയില്‍ ആകെ എട്ട് ഗോള്‍ സമ്പാദ്യം. മികച്ച താരമാകാനുള്ള പോരാട്ടത്തില്‍ രാജേഷും പട്ടികയില്‍ ഉണ്ട്. മിസോറാമിനെ കീഴടക്കിയ ഗോള്‍ അടിച്ചതോടെ സന്തോഷത്തില്‍ മതിമറന്നു ജഴ്‌സി ഊരിയ രാജേഷിന് സമ്മാനമായി റഫറി മഞ്ഞക്കാര്‍ഡും സമ്മാനിച്ചു.
---------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."