രാത്രിയാത്രാ നിരോധനത്തിനെതിരേ മര്‍ച്ചന്റ് അസോസിയേഷന് പ്രക്ഷോഭം സംഘടിപ്പിക്കുന്നു
മാനന്തവാടി: ബാവലി-മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനത്തിനെതിരേ മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്.
2008 മുതല്‍ മൈസൂര്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനം വൈകിട്ട് ആറുമുതല്‍ രാവിലെ ആറു വരെയാണ്. ബാവലി മുതല്‍ ഉദ്ബുര് വരെയുള്ള 16 കിലോമീറ്റര്‍ വനപാതയിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ല എന്നതാണ് ഉത്തരവ്.
പ്രസ്തുത സമയത്തില്‍ മാറ്റം വരുത്തി രാത്രി ഒന്‍പത് വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് അഞ്ചിന് പ്രതിഷേധ സദസ് നടത്തുകയാണ്. ഒ.ആര് കേളു എം.എല്‍.എ സദസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൈലി, മാനന്തവാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കടവത്ത് മുഹമ്മദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധ സദസില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ ഉസ്മാന്, പി.വി മഹേഷ്, എന്‍.പി ഷിബി, എം.വി സുരേന്ദ്രന്, ജോണ്സണ് ജോണ്‍, എം.കെ ശിഹാബുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."