ഡ്യൂട്ടിക്കിടെ മരണപ്പെടുന്ന പൊലിസുകാരുടെ കുടുംബത്തിന് 20 ലക്ഷം: മുഖ്യമന്ത്രി
കോട്ടയം: കൃത്യനിര്‍വഹണത്തിനിടെ മരിക്കുന്ന പൊലിസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേനയില്‍ ജോലിഭാരം കൂടുതലാണെന്ന് അറിയാം. അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സേനയുടെ അംഗബലം വര്‍ധിപ്പിക്കും. പ്രമോഷനിലെ കാലതാമസം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരവസരത്തിലും പൊലിസുകാര്‍ മാന്യത കൈവിടരുത്. ഒറ്റപ്പെട്ട ചിലര്‍ ചെയ്യുന്ന പ്രവൃത്തി പൊലിസിന്റെ മുഖം വികൃതമാക്കിയ സാഹചര്യത്തില്‍ ജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റം നന്നാകണം.
ജനങ്ങളെ ഒപ്പം നിര്‍ത്താനും അവരുടെ മനസ് കാണാനും പൊലിസിന് കഴിയണം. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാകരുത് പൊലിസിന്റെ ഇടപെടല്‍. സ്വന്തം സ്‌റ്റേഷന്‍ പരിധിയിലെ ക്രിമിനലുകളെക്കുറിച്ച് മുന്‍കൂര്‍ ധാരണ ഉണ്ടാകണം. സമൂഹത്തില്‍ മാന്യന്മാരായി വിലസുന്ന ക്രിമിനലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളോട് മൃദുസമീപനം ഉണ്ടാകരുത്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കുട്ടികള്‍ സുരക്ഷിതരായിരിക്കണം. ജനമൈത്രി പൊലിസ് സംവിധാനം കാര്യക്ഷമമാക്കണം. പ്രായമായവരെ പരിചരിക്കേണ്ട ജോലിയല്ല പൊലിസിന്റേതെന്ന മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ പേരെടുത്ത് പറയാതെയായിരുന്നു പിണറായി വിമര്‍ശിച്ചത്.
മുന്‍ മേധാവിയുടെ പ്രതികരണത്തിന്റെ അര്‍ഥം പിടികിട്ടുന്നില്ല. എന്നാല്‍, ജനമൈത്രി പൊലിസ് സംവിധാനം സേനയുടെ കരുത്തുകൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണത്തിനിടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കരുത്.
സംസ്ഥാന പ്രസിഡന്റ് കെ. പൃഥിരാജ് അധ്യക്ഷനായി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുരേഷ്‌കുറുപ്പ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ബറ്റാലിയന്‍ ഡി.ഐ.ജി ഷഫിന്‍ അഹമ്മദ്, സി.ആര്‍ ബൈജു, കെ.എസ് ഔസേഫ്, പി.ജി അനില്‍കുമാര്‍, പി.പി മഹേഷ്, കെ.ആര്‍ മനോജ്കുമാര്‍, വി.കെ പൗലോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."