സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മെഡി. വിദ്യാര്‍ഥികളുടെ പഠനത്തിന് തന്നെ
കൊച്ചി: ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് ഹാജി എന്ന് പേരുമാറ്റിയ ബൈബിള്‍ പണ്ഡിതന്‍ കൂടിയായ ഇ.സി സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഇനി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് തന്നെ. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം മൃതദേഹം ഖബറടക്കാന്‍ വിട്ടുതരണമെന്ന മഹല്ല് കമ്മിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് രണ്ടരമാസത്തിലേറെ നീണ്ട അനിശ്ചിതത്വം അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറിയിരുന്നു.
കഴിഞ്ഞ ജനുവരി 27നാണ് സൈമണ്‍ മാസ്റ്റര്‍ നിര്യാതനായത്. സ്‌കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനുമായ സൈമണ്‍ മാസ്റ്റര്‍ മതതാരതമ്യപഠനത്തിലും അറിയപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം ഇ.സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചെന്നും ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നതെന്നും മഹല്ല് കമ്മിറ്റി വിശദീകരിച്ചിരുന്നു. തന്റെ മൃതദേഹം ഇസ്‌ലാമിക ആചാര പ്രകാരം മഹല്ല് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന അഭിലാഷം അദ്ദേഹം 2000 സെപ്റ്റംബര്‍ എട്ടിന് രേഖാമൂലം വ്യക്തമാക്കിയിരുന്നുവെന്നും അതിനാല്‍ മൃതദേഹം വിട്ടുകിട്ടണമെന്നും കാണിച്ച് തൃശൂര്‍ ജില്ലയിലെ കാര കാതിയാളം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മജീദ്, ശമീര്‍ മുളക്കപറമ്പില്‍ തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ അന്ത്യനാളില്‍ ചികിത്സയിലിരിക്കെയുള്ള ഓര്‍മക്കുറവ് മുതലെടുത്ത് വ്യാജരേഖയുണ്ടാക്കി എതിര്‍കക്ഷികളായ ഭാര്യയും മക്കളും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനായി വീട്ടുകാര്‍ വ്യാജ രേഖയുണ്ടാക്കിയതിന് തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടി. സൈമണ്‍ മാസ്റ്റര്‍ എന്ന പേര് തന്നെയാണ് ഔദ്യോഗിക രേഖകളിലെല്ലാം ഇപ്പോഴുമുള്ളത്. ഇതുവരെ പേര് മാറ്റിയിട്ടില്ല.
മൃതദേഹം മെഡിക്കല്‍ കോളജുകള്‍ക്ക് കൈമാറാന്‍ അനാട്ടമി ആക്ട് പ്രകാരം അടുത്ത ബന്ധുക്കളുടെ സമ്മതം മാത്രം മതിയെന്നും ഈ സാഹചര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹരജികള്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."