പേറ്റന്റ്: അറബ് മേഖലയില്‍ സഊദി ഒന്നാമത്
ജിദ്ദ: അറബ് മേഖലയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ സഊദിക്ക് ഒന്നാം സ്ഥാനം. ശാസ്ത്ര മേഖലയിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് കൂടുതലും പേറ്റന്റ് ലഭിച്ചത്.
അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയില്‍ സഊദി 23ാം സ്ഥാനത്താണ്.
92 രാജ്യങ്ങളുടെ കൂട്ടത്തിലാണ് സഊദി ഈ സ്ഥാനം കരസ്ഥമാക്കിയത്. സഊദിക്ക് കഴിഞ്ഞ വര്‍ഷം 664 പേറ്റന്റുകളാണ് ലഭിച്ചത്. 2016ല്‍ 517ഉം 2015ല്‍ 409ഉം പേറ്റന്റുകള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ ലഭിച്ച ലോകത്തെ ഏറ്റവും മികച്ച 10 യൂനിവേഴ്സിറ്റികളുടെ കൂട്ടത്തില്‍ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ് ഏഴാം സ്ഥാനത്താണ്.
2017ല്‍ കിങ് ഫഹദ് യൂനിവേഴ്സിറ്റിക്ക് 186 പേറ്റന്റുകളാണ് ലഭിച്ചിരുന്നത്.
ഇതുവരെ 800 ലേറെ പേറ്റന്റുകള്‍ യൂനിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അറബ് ലോകത്തെ മുന്നൂറോളം വരുന്ന മുഴുവന്‍ യൂനിവേഴ്സിറ്റികളും നേടിയ പേറ്റന്റുകളുടെ എണ്ണത്തിന്റെ 60 ശതമാനത്തിലധികമാണിത്.
സഊദി അരാംകോ കഴിഞ്ഞ വര്‍ഷം 233 പുതിയ പേറ്റന്റുകള്‍ നേടി. 2016ല്‍ അരാംകോ 175 പേറ്റന്റുകള്‍ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."