ഫെഡറേഷന് കപ്പ് ജൂനിയര്‍ അത്ലറ്റിക്സ്: ജിസ്ന മാത്യുവിന് സ്വര്‍ണം
കോയമ്പത്തൂര്‍: ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് ഓരോ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന മാത്യുവാണ് കേരളത്തിന്റെ ആദ്യ സ്വര്‍ണത്തിന് ഉടമയായത്. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയാസ് കേരളത്തിന് വെള്ളി സമ്മാനിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ അഖില്‍ ടി.വിയാണ് കേരളത്തിനായി വെങ്കലം നേടിയത്. നേരത്തെ ആദ്യ ദിനത്തില്‍ ഒരു വെങ്കലം മാത്രമായിരുന്നു കേരളത്തിന്റെ സമ്പാദ്യം.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന മാത്യു 54.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കി അനായാസമായി സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. ഈയിനത്തില്‍ കേരളത്തിനായി കളത്തിലിറങ്ങിയ അബിഗെയ്ല്‍ ആരോക്യനാഥന് ഏഴാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയാസ് 14.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് രണ്ടാം സ്ഥാനം സ്വന്തമാക്കി വെള്ളി മെഡലിനുടമയായത്. ഡല്‍ഹിയുടെ കുനല്‍ ചൗധരിക്കാണ് സ്വര്‍ണം. ഈയിനത്തില്‍ മത്സരിച്ച കേരളത്തിന്റെ ബേസില്‍ മുഹമ്മദ് അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 7.26 മീറ്റര്‍ താണ്ടിയാണ് അഖില്‍ ടി.വി വെങ്കല മെഡല്‍ ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശ് താരം റിഷഭ് റിഷിശ്വര് സ്വര്‍ണവും കര്‍ണാടകയുടെ ലോകേഷ് വെള്ളിയും സ്വന്തമാക്കി. ഈയിനത്തില്‍ കേരളത്തിനായി ഇറങ്ങിയ നിര്‍മല്‍ ബാബു നാലാമതും അമല്‍ ടി.പി എട്ടാമതും എത്തി.
പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ മത്സരിച്ച കേരളത്തിന്റെ അര്‍ഷ ബാബു നാലാം സ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ മറ്റൊരു താരം സാന്ദ്ര ബാബു എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി ഇറങ്ങിയ അഞ്ജലി തോമസ് അഞ്ചാമതും അപര്‍ണ നായര്‍ എട്ടാം സ്ഥാനത്തുമാണ് എത്തിയത്. 4-100 മീറ്റര്‍ റിലേയിലും കേരളത്തിന് നിരാശയായിരുന്നു ഫലം. പെണ്‍കുട്ടികള്‍ നാലാം സ്ഥാനത്തെത്തി ആശ്വാസം കൊണ്ടപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം അയോഗ്യരാക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."