ലിവര്‍പൂളിനെ കുരുക്കി വെസ്റ്റ് ബ്രോംവിച്
ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ കരുത്തരായ ലിവര്‍പൂളിനെ വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണ്‍ 2-2ന് സമനിലയില്‍ തളച്ചു. രണ്ട് ഗോളിന് മുന്നില്‍ നിന്ന ലിവര്‍പൂളിനെതിരേ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വെസ്റ്റ് ബ്രോംവിച് ഒപ്പം പിടിച്ചത്. നാലാം മിനുട്ടില്‍ ഡാന്നി ഇങ്‌സിലൂടെ ലീഡെടുത്ത ലിവര്‍പൂളിനെ 72ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ മുഹമ്മദ് സലാഹ് മുന്നോട്ട് നയിച്ചു. എന്നാല്‍ 79ാം മിനുട്ടില്‍ ലിവെര്‍മോര്‍, 88ാം മിനുട്ടില്‍ റോന്‍ഡന്‍ എന്നിവരുടെ ഗോളില്‍ ലിവര്‍പൂളിന്റെ വിജയം തടയാന്‍ വെസ്റ്റ് ബ്രോമിന് സാധിച്ചു. 35 കളികളില്‍ 71 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ വാട്‌ഫോര്‍ഡും ക്രിസ്റ്റല്‍ പാലസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
റെക്കോര്‍ഡിട്ട് ലെവന്‍ഡോസ്‌കി
മ്യൂണിക്ക്: ഒരു ജര്‍മന്‍ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ജര്‍മനിക്കാരനല്ലാത്ത താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി താരമായ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ബുണ്ടസ് ലീഗ കിരീടമുറപ്പിച്ച ബാവേറിയന്‍സ് ഹന്നോവറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയാണ് ലെവന്‍ഡോസ്‌കി തന്റെ ഗോളുകളുടെ എണ്ണം 105ലെത്തിച്ച് റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്.
മുന്‍ ബയേണ്‍ താരം തന്നെയായ പെറുവിന്റെ ക്ലൗഡിയോ പിസാറോയുടെ 104 ഗോളുകളുടെ റെക്കോര്‍ഡാണ് പോളണ്ട് താരമായ ലെവന്‍ഡോസ്‌കി തകര്‍ത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ അനുവദിക്കാതെ ബയേണ്‍ താരങ്ങളെ പിടിച്ചുകെട്ടിയ ഹന്നോവറിന് പക്ഷേ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈയില്‍ നിന്നുപോയി. 57ാം മിനുട്ടില്‍ തോമസ് മുള്ളര്‍ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 73ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 89ാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ റൂഡിയും പട്ടിക തികച്ചു.
മറ്റ് മത്സരങ്ങളില്‍ ഹോഫെന്‍ഹെയിം 5-2ന് ലെയ്പ്‌സിഗിനേയും സ്റ്റുട്ട്ഗര്‍ട് 2-0ത്തിന് വെര്‍ഡര്‍ ബ്രമനേയും പരാജയപ്പെടുത്തി. ബൊറൂസിയ മോണ്‍ചെന്‍ഗ്ലെഡ്ബാച്- വോള്‍വ്‌സ്ബര്‍ഗിനേയും ഹെര്‍ത്ത- ഫ്രാങ്ക്ഫര്‍ടിനേയും 3-0ത്തിന് പരാജയപ്പെടുത്തി. ഹാംബര്‍ഗര്‍ 1-0ത്തിന് ഫ്രീബര്‍ഗിനെ വീഴ്ത്തി.
റോമയ്ക്ക് ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ റോമയ്ക്ക് ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ എസ്.പി.എ.എല്ലിനെ വീഴ്ത്തി.
അഞ്ചടിച്ച് മാഴ്‌സയും ലിയോണും
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ ഒളിംപിക് മാഴ്‌സെ, ഒളിംപിക് ലിയോണ്‍ ടീമുകള്‍ക്ക് വിജയം. ലിയോണ്‍ 5-2ന് ഡിജോണിനെ വീഴ്ത്തിയപ്പോള്‍ മാഴ്‌സ സ്വന്തം തട്ടകത്തില്‍ 5-1ന് ലില്ലെയെ പരാജയപ്പെടുത്തി.
ഗെറ്റാഫെയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ ഗെറ്റാഫെയ്ക്ക് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ എയ്ബറിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ സെല്‍റ്റ വിഗോ 1-1ന് സമനിലയില്‍ പിടിച്ചു. ലെഗാനസ്- ഡിപോര്‍ടീവോ ലാ കൊരുണ പോരാട്ടം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."