മഴയത്തും മായാതെ ഗെയ്ല്‍
കൊല്‍ക്കത്ത: മഴ പെയ്താലും ഇല്ലെങ്കിലും സിക്‌സര്‍ മഴയ്ക്ക് മാറ്റമില്ലെന്ന് കൊല്‍ക്കത്തക്കാര്‍ക്കും ഗെയ്ല്‍ ബോധ്യപ്പെടുത്തി കൊടുത്തു. മഴ രസംകൊല്ലിയായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐ.പി.എല്‍ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. ജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒന്‍പത് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഗെയ്‌ലും കെ.എല്‍ രാഹുലും ചേര്‍ന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. 8.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സെന്ന നിലയില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കവേ മഴയെത്തി കളി നിര്‍ത്തി വച്ചു. മഴ മാറി പിന്നീട് ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം പഞ്ചാബിന്റെ ലക്ഷ്യം 13 ഓവറില്‍ 125 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഒരറ്റത്ത് ഗെയ്ല്‍ അപരാജിതനായി നിലകൊണ്ടപ്പോള്‍ അവസാന നിമിഷത്തില്‍ രാഹുലിന്റെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി.
27 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം രാഹുല്‍ 60 റണ്‍സ് അടിച്ചെടുത്തു. നരെയ്‌നാണ് വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് മയാങ്ക് അഗര്‍വാളിനെ സാക്ഷിയാക്കി ക്രിസ് ഗെയ്ല്‍ സിക്‌സറിലൂടെ 11.1 ഓവറില്‍ 126 റണ്‍സിലെത്തിച്ച് പഞ്ചാബിന് വിജയം സമ്മാനിച്ചു. 38 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം ഗെയ്ല്‍ 62 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കളി ജയിക്കുമ്പോള്‍ രണ്ട് റണ്‍സുമായി മയാങ്കായിരുന്നു ഗെയ്‌ലിനൊപ്പം ക്രീസില്‍. രാഹുലാണ് കളിയിലെ കേമന്‍.
ടോസ് നേടി പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ നരെയ്‌നെ തുടക്കത്തില്‍ തന്നെ നഷ്ടമായ കൊല്‍ക്കത്തയെ ക്രിസ് ലിന്‍ ഒരറ്റത്ത് മികച്ച ബാറ്റിങിലൂടെ മുന്നോട്ട് നയിച്ചു. ആദ്യം ഉത്തപ്പയ്‌ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ കാര്‍ത്തിക്കിനൊപ്പവും മികച്ച ഇന്നിങ്‌സ് കെട്ടിപ്പൊക്കാന്‍ ലിന്നിന് സാധിച്ചു. 41 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം ലിന്‍ 74 റണ്‍സ് അടിച്ചെടുത്തു. ഉത്തപ്പ 23 പന്തില്‍ 34 റണ്‍സും കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സെടുത്ത് മികച്ച സംഭാവന നല്‍കിയതോടെ കൊല്‍ക്കത്ത 191 റണ്‍സെന്ന മികച്ച സ്‌കോറിലെത്തുകയായിരുന്നു.
പഞ്ചാബിനായി ബരിന്ദര്‍ സ്രാന്‍, ആന്‍ഡ്രു ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുജീബ് റഹ്മാന്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."