പൂട്ടിയിട്ട വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
ഹൊസങ്കടി(കാസര്‍കോട്): പൂട്ടിയിട്ട വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. ഹൊസങ്കടി മജബയലിലെ ശൈലേഷ്, പ്രവാസികളായ മുഹമ്മദ് ഹനീഫ, ജമാല്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഒരു വീട്ടിലെ സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി. ശൈലേഷിന്റെ വീട്ടില്‍ നിന്ന് 19 പവന്‍ സ്വര്‍ണാഭരണവും 40,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.ശൈലേഷിന്റെ വീട്ടിലെ വളര്‍ത്തുനായയെ മയക്കി കിടത്തിയ ശേഷമായിരുന്നു കവര്‍ച്ച. കോഴിയിറച്ചിയില്‍ മയക്കുമരുന്ന് കലര്‍ത്തി നായക്ക് കൊടുത്തതായാണ് സംശയിക്കുന്നത്. നായക്കൂടിനു സമീപത്തായി കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രവാസിയായ ഹനീഫയുടെ ഇരുനില വീട് കവര്‍ച്ച നടക്കുന്ന സമയത്തും സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഭാര്യ ഫൗസിയയും കുട്ടികളും വീട് പൂട്ടി സ്വന്തം വീട്ടിലേക്കു പോയ അവസരം മുതലാക്കിയാണ് കവര്‍ച്ച നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ തത്സമയം ലഭിക്കാതെ വന്നതോടെ സംശയം തോന്നി ഇവര്‍ വീട്ടിലേക്കു തിരികെയെത്തിയപ്പോഴാണു കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇവരുടെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങളും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടു പോയി. ജമാലിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ടവയുടെ വിവരം ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."