ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറെ ടൗണ്‍ എസ്.ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും കണ്ണൂര്‍ റേഞ്ച് ഐ.ജിക്കും എസ്.പിക്കും ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരേ വധഭീഷണി ഉള്‍പ്പെടെ ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്ത് ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ വിശദമായ മൊഴി നല്‍കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
തനിക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് അടിയന്തിര ഉത്തരവ് ഇറക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് ഭീഷണിയില്‍ ഒളിച്ചോടുന്ന പ്രശ്‌നമില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ തന്നെ ഭീഷണിയെ വകവയ്ക്കാതെ ജോലി ചെയ്യാനാണ് തീരുമാനമെന്നും ഡോക്ടര്‍ പ്രതിഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."