കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികള്‍ വൈകുന്നു
തിരുവനന്തപുരം: പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിലെ അനിശ്ചിതത്വം കാരണം പ്രവാസി ചിട്ടികള്‍ ആരംഭിക്കാനാകാതെ കെ.എസ്.എഫ്.ഇ കുഴങ്ങുന്നു.
ഇതോടെ സംസ്ഥാനത്തെ മലയോര, തീരദേശ ദേശീയപാതകളുടെ നിര്‍മാണത്തിനും വികസനത്തിനും കിഫ്ബി വഴി പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമവും പാഴാകുകയാണ്. പ്രവാസി ചിട്ടി ആരംഭിച്ച് ലഭിക്കുന്ന പണം കിഫ്ബി വഴി റോഡ് വികസനത്തിനായി ചെലവഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
പൂര്‍ണമായും ഓണ്‍ലൈനിലൂടെ നടത്തുന്ന സംവിധാനമാണ് പ്രവാസി ചിട്ടിക്കായി കെ.എസ്.എഫ്.ഇ ഒരുക്കുന്നത്. ഇതിനായി വെബ്‌സൈറ്റ് നിര്‍മിക്കുന്നതും സാങ്കേതിക സഹായം നല്‍കുന്നതും നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററും സി-ഡിറ്റുമാണ്. പ്രവാസി ചിട്ടി നടത്തിപ്പിനായി എന്‍.ഐ.സി തയാറാക്കിയ വെബ്‌സൈറ്റും സി-ഡിറ്റ് തയാറാക്കിയ അനുബന്ധ സോഫ്റ്റ്‌വെയറുകളും കൂട്ടിച്ചേര്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെയാണ് ചിട്ടി ആരംഭിക്കാന്‍ കഴിയാതെപോയത്.
സോഫ്റ്റ്‌വെയറുകള്‍ ചെയ്യാന്‍ സി-ഡിറ്റ് പുറംകരാര്‍ നല്‍കിയ കമ്പനികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കെ.എസ്.എഫ്.ഇയാകട്ടെ ചിട്ടി ആരംഭിക്കാന്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നടത്തി കാത്തിരിക്കുകയുമാണ്. കഴിഞ്ഞ ഡിസംബറില്‍ ചിട്ടി ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പിന്നീടത് ഈ വര്‍ഷം ജൂണിലേക്ക് മാറ്റി. സംസ്ഥാനത്തെ റോഡ് വികസനത്തിനായി 10,000 കോടി രൂപ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രവാസി ചിട്ടി എപ്പോള്‍ തുടങ്ങാനാകുമെന്ന് ആര്‍ക്കും പറയാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രവാസി ചിട്ടി നടത്തിപ്പിനായി ജീവനക്കാരുടെ പരിശീലന പരിപാടി ഇപ്പോഴും കെ.എസ്.എഫ്.ഇ നടത്തുന്നുണ്ട്. ചിട്ടിയില്‍ ആളെ ചേര്‍ക്കാന്‍ പ്രവാസി ബന്ധു സംഗമം നടത്തുകയുണ്ടായി. ചിട്ടിയില്‍ ചേരുന്നതിനായി വിദേശരാജ്യങ്ങളില്‍നിന്നു 30,000ത്തില്‍ അധികം അന്വേഷണങ്ങളും കെ.എസ്.എഫ്.ഇക്ക് ലഭിച്ചു. ഇതിന്റെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടിയില്‍ ആളെ ചേര്‍ക്കാന്‍ തയാറായിരിക്കുകയാണ് ജീവനക്കാര്‍. പക്ഷേ ചിട്ടി തുടങ്ങാനാകുന്നില്ലെന്നുമാത്രം. ഇതാകട്ടെ വെറും സാങ്കേതിക പ്രശ്‌നത്തില്‍ തടഞ്ഞാണ് നില്‍ക്കുന്നത്. എന്തുകൊണ്ടാണ് ചിട്ടി തുടങ്ങാനാകാത്തതെന്ന് കെ.എസ്.എഫ്.ഇയിലെയോ കിഫ്ബിയിലേയോ ആരും അന്വേഷിക്കുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."