കോണ്‍ഗ്രസ് സഖ്യവുമായി സി.പി.ഐ മുന്നോട്ട്
തിരുവനന്തപുരം: ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് സഖ്യമില്ലെന്ന സി.പി.എം നിലപാടിനെതിരേ കടുത്ത പ്രതിരോധവുമായി സി.പി.ഐ. സി.പി.എം നിലപാടിനു വിരുദ്ധമായി കോണ്‍ഗ്രസ് സഖ്യമെന്ന നിലപാടിലുറച്ച് മുന്നോട്ടുപോകാനാണ് സി.പി.ഐ നീക്കം.
ഈ മാസം 24 മുതല്‍ കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിക്കെതിരേ വിശാല ഐക്യമെന്ന നയം ഉറപ്പിക്കുക തന്നെയായിരിക്കും സി.പി.ഐയുടെ പ്രധാന അജണ്ട.
ധാരണയാകാമെങ്കിലും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സി.പി.എം നിലപാട് നിലവില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കും. ഇതില്‍ പരമാവധി രാഷ്ട്രീയനേട്ടം കൊയ്യാനും സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകും. പരിസ്ഥിതി, കൈയേറ്റ, സ്വാശ്രയ വിഷയങ്ങളിലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരിക്കും സി.പി.ഐ കൈക്കൊള്ളുക. തങ്ങളാണ് ശരിയെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകും.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കുന്ന പ്രധാന നയരൂപീകരണ സമ്മേളനമെന്ന നിലയില്‍ ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന് ഏറെ പ്രാധാന്യമുണ്ട്. എല്‍.ഡി.എഫില്‍ അസ്വാരസ്യം പുകയുന്നതിനാല്‍ കേരളത്തില്‍ കരുത്തുതെളിയിക്കുകയെന്ന ലക്ഷ്യവും ഇത്തവണത്തെ സമ്മേളനത്തിനുണ്ടാകും. അംഗബലം വര്‍ധിപ്പിക്കുന്നതിനുള്ള ആശയരൂപീകരണങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മക്കായി പരസ്യമായ ആഹ്വാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം നല്‍കിയിട്ടുണ്ട്. ഈ ദിശയിലുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് രൂപംനല്‍കും.
ബി.ജെ.പിക്കെതിരേ പൊരുതാന്‍ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടണമെന്ന് സി.പി.ഐ കേന്ദ്രനേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു.
എന്നാല്‍ സി.പി.ഐയുടെ ആവശ്യത്തെ പരസ്യമായി തള്ളിയാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടെടുത്തത്. യോജിക്കുന്നിടത്ത് ധാരണയാകാമെങ്കിലും രാഷ്ട്രീയസഖ്യം വേണ്ടെന്നാണ് സി.പി.എം നിലപാടെടുത്തത്. രാഷ്ട്രീയസഖ്യമില്ലാതെ ബി.ജെ.പിയെ പ്രതിരോധിക്കുന്നതെങ്ങനെ എന്ന ചോദ്യവും നിര്‍ണായകമാണ്. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."