വൈകല്യങ്ങളെ അതിജീവിച്ച ശിഹാബിന് കൂട്ടായി ഇനി ഷഹന ഫാത്തിമയും
വള്ളുവമ്പ്രം: ശാരീരിക പരിമിതികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ വിധിയെ വെല്ലുവിളിച്ച് സമൂഹത്തിന് മുന്നില്‍ പുതിയ ചരിത്രം രചിച്ച മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ശിഹാബിന് ഇനി ജീവിത സഖിയായി ഷഹന ഫാത്തിമയുണ്ടാകും. ഒറ്റമുറിയിലെ ഇരുട്ടില്‍ ഒറ്റപ്പെട്ടപ്പഴോ പുറത്തിറങ്ങി വെളിച്ചം കാണാന്‍ തീരുമാനിച്ചപ്പോഴോ ഇങ്ങനെയൊരു സ്വപ്നം എന്നിലുണ്ടായിരുന്നില്ല എന്നത് ശിഹാബിന്റെ വാക്കുകളായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിവാഹമെന്ന സ്വപ്നം കാണാതിരുന്ന തനിക്ക് ഷഹനയാണ് പ്രണയം സമ്മാനിച്ചതെന്ന് ശിഹാബ് തന്നെ പറയുന്നു. ശിഹാബിന്റെ പ്രോഗ്രാമുകള്‍ കണ്ട് തുടങ്ങിയത് മുതല്‍ തന്നെ ഷഹന അഭിനന്ദനങ്ങള്‍ ഫോണില്‍ നേരിട്ടറിയിക്കാറുണ്ടായിരുന്നു. പറ്റാവുന്ന സ്റ്റേജ് ഷോകള്‍ നേരിട്ടും കാണും. അതിനിടെ നടന്ന ഒരു സ്റ്റേജ് ഷോക്ക് ശേഷം തന്റെ ഇഷ്ടത്തെ കുറിച്ച് ഷഹന നേരിട്ടറിയിക്കുകയിരുന്നു. ഇതോടെ കോട്ടയം മറ്റക്കര സ്വദേശിനിയായ ഷഹന ഫാത്തിമയുടെ പ്രണയത്തിന് വീട്ടുകാര്‍ കൂടി അംഗീകാരം നല്‍കിയതോടെ ശിഹാബിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. 'ഇക്കയുടെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കാനും ഇക്കയ്ക്ക് കൂട്ടാവാനും എനിക്ക് പറ്റും' ഷഹനയുടെ വാക്കുകളില്‍ ആത്മവിശ്വാസം.
ജന്മനാ തന്നെ കൈകാലുകള്‍ ഇല്ലാത്ത ശിഹാബ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടി. പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ വിജയം. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം. ആരെയും വിസ്മയിപ്പിക്കുന്ന ചിത്രകാരന്‍, പ്രാസംഗികന്‍, സംഗീതോപകരങ്ങളിലെ പരിജ്ഞാനം, ഒട്ടനവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ ജേതാവ്, കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി പഠന ക്ലാസുകള്‍ നയിച്ച അധ്യാപകന്‍, ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നയിക്കാന്‍ ഡല്‍ഹിയിലേക്ക് പറന്ന വി.ഐ.പി, കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും സിനിമാ താരങ്ങളുമൊക്കെ അറിയുന്ന അവരോടൊന്നിച്ച് വേദി പങ്കിടാന്‍ അവസരം കിട്ടിയ സൂപ്പര്‍ ഹീറോ, ജയ്ഹിന്ദ് ടി.വിയിലെ യുവതാരം റിയാലിറ്റിഷോയില്‍ വിന്നര്‍ ഇങ്ങനെ നീളുന്ന വിശേഷങ്ങളാണ് ശിഹാബിനെ കുറിച്ച് പറയാനുള്ളത്. ദൈനം ദിന കാര്യങ്ങള്‍ക്ക് വീട്ടിലെ എല്ലാവരുടെ സഹായം ഉണ്ടാകാറുണ്ട്. എന്നാലിപ്പോള്‍ അനുജന്‍ ആശിഖിനൊപ്പമാണ് പരിപാടികളില്‍ സംബന്ധിക്കുന്നത്. ക്രിക്കറ്റുകളിപോലും തനിക്കു വഴങ്ങുമെന്നു തെളിയിച്ച ശിഹാബിനെ വിളിച്ച് ഒരിക്കല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനന്ദനമറിയിച്ചിട്ടുണ്ട്. കലാരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശിഹാബ് തന്റെ ജീവിതം മാതൃകയാക്കിയിരിക്കുന്നത് തന്നെപ്പോലെ ജന്മനാ കൈകാലുകളില്ലാത്ത പരിശീലനരംഗത്ത് ലോകാദ്ഭുതമായി മാറിയ അന്താരാഷ്ട്ര പരിശീലകന്‍ 'നിക്ക് വുജി'യെയാണ്. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി ചെറുപറമ്പന്‍ അബൂബക്കറിന്റെയും മെഹജാബീവിയുടെയും ഏഴു മക്കളില്‍ അഞ്ചാമത്തെയാളാണു ശിഹാബുദ്ദീന്‍. പൂക്കോട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍, പൂക്കോട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.ഐ.സി ആര്‍ട്‌സ് കോളജ് അത്താണിക്കല്‍, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."