ചുവപ്പുനാടയില്‍ കുരുങ്ങി പാലായി ഷട്ടര്‍ കം ബ്രിഡ്ജ്: തറക്കല്ലിടല്‍ വൈകുന്നു
നീലേശ്വരം: പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ സ്വപ്ന പദ്ധതിയായ പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ തറക്കല്ലിടല്‍ ചുവപ്പുനാടയില്‍ കുരുങ്ങി വൈകുന്നു. കരാറുകാരനും ജലസേചന വകുപ്പും കരാറില്‍ ഒപ്പിടാന്‍ വൈകുന്നതാണ് ഇതിനു കാരണം. ജലസേചന വകുപ്പിന്റെ കോഴിക്കോടെ ഡിവിഷണല്‍ ഓഫിസിലാണ് ഇപ്പോള്‍ ഫയലുള്ളത്. കരാറില്‍ ഒപ്പിടുന്നതോടെ തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയും.
മുന്‍പ് അനുബന്ധ റോഡിനു സ്ഥലം വിട്ടുകൊടുക്കാത്തതിനാലാണ് പദ്ധതി വൈകിയതെങ്കില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് വൈകാന്‍ കാരണമായി മാറുകയാണ്.
നേരത്തേ ഷട്ടര്‍ സ്ഥാപിക്കുന്നതിന്റെ കരാറെടുത്ത ഗുജറാത്ത് ആസ്ഥാനമായ ഇന്‍ഫാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി സ്ഥലത്തെത്തി ഭൂമിപൂജ നടത്തിയിരുന്നു. പാലായി താങ്കൈ കടവിനെയും കയ്യൂര്‍ കൂക്കോട്ട് കടവിനെയും ബന്ധിപ്പിച്ചാണ് ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. 1957മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിയാണിത്.
65 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."