പെരിയാറില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
നെടുമ്പാശ്ശേരി: പെരിയാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ തടിക്കല്‍ കടവ് പാലത്തിന് സമീപമാണ് 12 വയസുകാരന് അപകടത്തില്‍പ്പെട്ടത്. ഈ സമയം ഇവിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഫയര്‍ ആന്റ് റസ്ക്യൂ സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തെക്കെ അടുവാശ്ശേരി കോഴിക്കല്‍ വീട്ടില്‍ ശ്രീധരന്റ മകന് അഭിജിത്താണ് ഒഴുക്കില്‍പ്പെട്ടത്. കൂട്ടുകാരായ പത്തോളം സ്കൂള്‍ വിദ്യാര്‍ഥികളോടൊപ്പമാണ് അഭിജിത് കുളിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികള്‍ കരയില്‍ നിന്നും 60 മീറ്ററോളം അകലെയുള്ള സേഫ്റ്റി കാലിലേക്ക് നീന്തുകയായിരുന്നു.
കൂട്ടുകാരില്‍ പലരും സേഫ്റ്റി കാലില്‍ നീന്തിയെത്തി അവിടെ വിശ്രമിക്കുന്നതിനിടെയാണ് അഭിജിത്ത് അവിടേക്ക് നീന്താന്‍ തുടങ്ങിയത്. ഈ സമയം പുഴയില്‍ സാമാന്യം ശക്തമായ നിലയിലുള്ള ഒഴുക്കുണ്ടായിരുന്നു. പകുതി ഭാഗം നീന്തി കയറിയപ്പോഴേക്കും പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ആന്റ് റസ്ക്യു അസി.സ്റ്റേഷന് ഓഫിസര്‍ എ.ടി ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ രക്ഷക്കെത്തുകയായിരുന്നു. ടീമിലെ സിവില്‍ ഓഫിസര്‍ സി.പി അഭിലാഷാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്ന അഭിജിത്തിനെ നീന്തി ചെന്ന് വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയെടുത്തത്.
ഉടന്‍ തന്നെ മറ്റംഗങ്ങള്‍ സ്പീഡ് ബോട്ടില്‍ ഇവര്‍ക്കടുത്തെത്തി ഇരുവരെയും കരയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ വെക്കേഷന് സമയത്ത് തടിക്കല്‍ കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."