മാന്ത്രികനായ കുട്ടീഞ്ഞോ
ബ്രസീല്‍, ഹെയ്തിയെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് തകര്‍ത്തു
കുട്ടീഞ്ഞോയ്ക്ക് ഹാട്രിക്ക്
ഫ്‌ളോറിഡ: 14ാം മിനുട്ടില്‍ കുട്ടീഞ്ഞോ തൊടുത്തുവിട്ട വെടിയുണ്ട കണക്കെയുള്ള ഷോട്ടില്‍ സകലതുമടങ്ങിയിരുന്നു. വരാനിരിക്കുന്ന ഗോളുകളുടെ നാന്ദിയായിരുന്നു ആ ഷോട്ട്. പിന്നീട് രണ്ടു തവണ കൂടി കുട്ടീഞ്ഞോ തന്റെ മികവ് പ്രകടമാക്കി ഹാട്രിക്ക് ഗോളുകളുമായി നിറഞ്ഞപ്പോള്‍ ബ്രസീല്‍ ഹെയ്തിയുടെ പോസ്റ്റില്‍ ഗോള്‍ മഴ പെയ്യിച്ചു. ഒപ്പം ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഹെയ്തിയെ മുക്കിയത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ബ്രസീല്‍ താരം കോപ്പ അമേരിക്കയില്‍ ഹാട്രിക്ക് ഗോളിനുടമയാകുന്നത്.
2007ലെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വെനെസ്വലയ്‌ക്കെതിരേ റൊബീഞ്ഞോ നേടിയ ഗോളിനു ശേഷം ഒരു ബ്രസീല്‍ താരത്തിനും ഹാട്രിക്ക് നേടാന്‍ സാധിച്ചിരുന്നില്ല. അതിനിടെ രണ്ടു കോപ്പ ടൂര്‍ണമെന്റുകള്‍ കടന്നു പോയി. ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാനും ബ്രസീലിന് സാധിച്ചു.
ഇക്വഡോറിനെതിരേ നിറം മങ്ങിപ്പോയ മുന്നേറ്റ നിര ഹെയ്തിക്കെതിരേ തുടക്കം മുതല്‍ കളം നിറഞ്ഞു കളിച്ചു. കാര്യമായ മാറ്റമൊന്നും വരുത്താതെയാണ് ദുംഗ ടീമിനെ കളത്തിലിറക്കിയത്. 14ാം മിനുട്ടിലാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. നാലു പ്രതിരോധ താരങ്ങളെ ഭേദിച്ച് കുട്ടീഞ്ഞോ തൊടുത്ത മിന്നല്‍ ഷോട്ട് വലയില്‍ കയറുകയായിരുന്നു.
ഗോള്‍ വീണതോടെ ബ്രസീല്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്ക് ലക്ഷ്യം വെച്ചുള്ള ഷോട്ടുകള്‍ കുറവായിരുന്നു. 29ാം മിനുട്ടില്‍ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഡാനി ആല്‍വെസിന്റെ ക്രോസ് പ്രതിരോധിക്കുന്നതില്‍ ഹെയ്തി താരങ്ങള്‍ പിഴവ് വരുത്തി. പന്ത് ലഭിച്ച കുട്ടീഞ്ഞോ പൊസിഷന്‍ മാറിയ ഗോളിയെ സാക്ഷിയാക്കി ലക്ഷ്യം കാണുകയായിരുന്നു. 35ാം മിനുട്ടില്‍ റെനാറ്റോ അഗസ്റ്റോ ടീമിന്റെ മൂന്നാം ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ഹെയ്തി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബ്രസീലിന്റെ നീക്കങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ഗബ്രിയേലിന്റേതായിരുന്നു അടുത്ത ഊഴം. ഏല്യാസിന്റെ പാസില്‍ നിന്നു അനായാസം ലക്ഷ്യം കാണുകയായിരുന്നു ഗബ്രിയേല്‍. 62ാം മിനുട്ടില്‍ ബ്രസീല്‍ കാസിമിറോയ്ക്ക് പകരം ലൂക്കാസ് ലിമയെ കളത്തിലിറക്കി. അഞ്ചു മിനുട്ടിന് ശേഷം താരം ടീമിന് വേണ്ടി ലക്ഷ്യം കണ്ടു. ആല്‍വെസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.
70ാം മിനുട്ടില്‍ ഹെയ്തി ആശ്വാസ ഗോള്‍ നേടി. മാക്‌സ് ഹില്ലാരിയുടെ തകര്‍പ്പനൊരു ഷോട്ട് ബ്രസീല്‍ ഗോളി അലിസണ്‍ തടുത്തെങ്കിലും റീ ബൗണ്ടില്‍ പന്ത് ലഭിച്ച മാര്‍സെല്ലിന്‍ വല ചലിപ്പിക്കുകയായിരുന്നു. ഹെയ്തിക്കായി കോപ്പയില്‍ ആദ്യ ഗോള്‍ നേടിയ താരമെന്ന പെരുമ ഇനി മാര്‍സെല്ലിനു സ്വന്തം.
മത്സരം തീരാന്‍ നാലു മിനുട്ടുകള്‍ ശേഷിക്കെ അഗസ്റ്റോ തന്റെ രണ്ടാം ഗോള്‍ നേടി.അധിക സമയത്ത് കുട്ടീഞ്ഞോ തന്റെ ഹാട്രിക്ക് ഗോളിലൂടെ ടീമിന്റെ ജയം ആധികാരികമാക്കി. ഇതും ലോങ് റെയ്ഞ്ച് ഷോട്ടായിരുന്നു.
വിജയിച്ചെങ്കിലും ബ്രസീലിന്റെ പ്രതിരോധത്തിലെ വലിയ വിടവുകള്‍ എടുത്തു കാണിക്കുന്നതായിരുന്നു ഹെയ്തിക്കെതിരായ പോരാട്ടം. പ്രതിരോധത്തിലെ ഈ അലംഭാവം മുതലാക്കാന്‍ ഹെയ്തി ശ്രമിച്ചിരുന്നെങ്കില്‍ മത്സരഗതിയും സ്‌കോറും മറ്റൊന്നാകുമായിരുന്നു. കളിയില്‍ ഒറ്റത്തവണ മാത്രം അതു ഫലപ്രദമായി ഉപയോഗിച്ചതിന്റെ തെളിവായിരുന്നു ഹെയ്തിയുടെ ആശ്വാസ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."