നെല്‍വയല്‍ നികത്തുന്നത് നാട്ടുകാര്‍ തടയണം: മന്ത്രി സുനില്‍കുമാര്‍
ആറന്‍മുള: നെല്‍വയലുകള്‍ നികത്തുന്നവരെ നാട്ടുകാര്‍ തടയണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍. ആറന്മുള നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശേരി പുന്നയ്ക്കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആറന്‍മുള എം. എല്‍. എ വീണാ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പാളത്തൊപ്പി ധരിച്ച് പാടത്തിറങ്ങി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വിളഞ്ഞു പാകമായ നെല്ല് കൊയ്തു. കര്‍ഷകരും നാട്ടുകാരും നെല്ലു കൊയ്യാന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പാടത്ത് ഉത്സവപ്രതീതിയായി. നെല്‍വയലുകള്‍ നികത്തുന്നതിലൂടെ സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനു തടയിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മഴവെള്ളം സംഭരിച്ച്, സംരക്ഷിച്ച് ഭൂഗര്‍ഭജലസമ്പത്ത് ഉണ്ടാക്കാന്‍ നെല്‍പാടങ്ങള്‍ ആവശ്യമാണെന്ന് മലയാളി മറന്നു പോയി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ കടുത്തതോടെ വെള്ളത്തിനായി പരക്കംപാച്ചിലാണ്.
വിമാനത്താവള പദ്ധതി പ്രദേശങ്ങള്‍ കണ്ടാല്‍ വിത്തെറിയാന്‍ മന്ത്രിമാര്‍ക്ക് തോന്നുന്നത് മാനസിക പ്രശ്‌നമാണെന്ന് ചിലര്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് വിത്തെറിയാനുള്ള മാനസിക രോഗമില്ല, മറിച്ച് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. മിച്ചഭൂമി പൂര്‍ണമായി തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. നിലവിലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ സ്ഥലം തിരിച്ചുപിടിക്കും. ആറന്മുളയില്‍ വിളയുന്ന നെല്ല് കൃഷിവകുപ്പിന്റെ മില്ലില്‍ അരിയാക്കി ആറന്മുള റൈസ് ബ്രാന്റായി വിപണിയിലെത്തിക്കും. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാവും അരി വില്‍ക്കുക. മെത്രാന്‍ കായലിലും ഇത് നടപ്പാക്കും. അവിടെ ചില അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തു വെല്ലുവിളി നേരിട്ടും വിതച്ച നെല്ല് കൊയ്യും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ വിസ്തൃതി മൂന്നു ലക്ഷം ഹെക്ടറും ഉത്പാദനം പത്ത് ലക്ഷം മെട്രിക് ടണും ആക്കുകയാണ് ലക്ഷ്യം. ആറന്മുളയില്‍ 56 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാനാണ് ആദ്യം ആലോചിച്ചതെങ്കിലും 90 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്തതായി മന്ത്രി പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
കവയിത്രി സുഗതകുമാരിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സര്‍ക്കാരിന് വേഗതയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആറന്‍മുള റൈസ് ലോഗോ പ്രകാശനം ചെയ്ത പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
വീണാജോര്‍ജ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ആര്‍. ഗിരിജ, സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പത്മകുമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികളായ എം. ബി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."