ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; നിവ്യക്ക് ദേശീയ റെക്കോര്‍ഡ്
മഞ്ജല്‍പൂരില്‍ ത്രോയിനങ്ങളിലൂടെ കേരളത്തെ പിടിച്ചുകെട്ടി ഹരിയാനയുടെ കുതിപ്പ്. നാലു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമായി ഹരിയാന ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം നാളില്‍ കേരളത്തെ പിന്തള്ളി മുന്നിലെത്തി. നാലു സ്വര്‍ണം രണ്ടു വെള്ളി മൂന്നു വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. മൂന്നു സ്വര്‍ണം ഒരു വെള്ളി രണ്ടു വെങ്കലവുമായി ഡല്‍ഹിയാണു മൂന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രനും പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണിയുമാണ് ഇന്നലെ കേരളത്തിനു സ്വര്‍ണം സമ്മാനിച്ചത്.
ഷോട് പുട്ടില്‍ മേഘ മറിയം മാത്യുവും ഡിസ്‌കസ് ത്രോയില്‍ പി.എ അതുല്യയും പോള്‍വാള്‍ട്ടില്‍ അനീഷ് മധുവുമാണ് വെങ്കലം നേടിയത്. പോള്‍വാള്‍ട്ടില്‍ സ്വന്തം പേരിലുള്ള റെക്കോര്‍ഡാണു നിവ്യ തിരുത്തിയത്. ഹരിയാന താരങ്ങളായ മോഹിത്, യോഗിദ എന്നിവര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഷോട്ട് പുട്ടില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ വിദ്യാഭാരതിയുടെ ദീപക് യാദവ് 4.31 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
ആകാശം അതിരാക്കി
വീണ്ടും നിവ്യ
ആകാശം അതിരാക്കി കുതിച്ചുയര്‍ന്നു റെക്കോര്‍ഡുകളുടെ രാജകുമാരിയായി വീണ്ടും നിവ്യ. മഞ്ജല്‍പൂരിലെ ജംപിങ് പിറ്റില്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഒരു താരം പോലും ഇല്ലാതിരുന്ന പോരാട്ടത്തില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് നിവ്യ ആന്റണി കേരളത്തിനു നാലാമത്തെ സ്വര്‍ണം സമ്മാനിച്ചത്. 1.80 മീറ്റര്‍ ഉയരത്തിലാണ് മത്സരം ആരംഭിച്ചത്. 2.70 മീറ്റര്‍ ഉയരത്തിലാണു പോളുമായി നിവ്യ കുതിപ്പു തുടങ്ങിയത്. 2.95 മീറ്ററില്‍ പോള്‍ താഴെവച്ചു എല്ലാവരും കളമൊഴിഞ്ഞു.
പിന്നെ നിവ്യ തനിച്ചായി ഉയരങ്ങളിലേക്കുള്ള കുതിപ്പ്. ആദ്യ ശ്രമത്തില്‍ തന്നെ 3.35 മീറ്റര്‍ ഉയരം മറികടന്നു. റാഞ്ചിയില്‍ 2015 ല്‍ സ്ഥാപിച്ച തന്റെ തന്നെ 3.21 മീറ്റര്‍ ഉയരമെന്ന ദേശീയ റെക്കോര്‍ഡ് തിരുത്തി. 3.40 മീറ്ററിലേക്കായി അടുത്ത ചാട്ടം. മൂന്നു അവസരങ്ങളും ഫൗളാക്കി ചാട്ടം അവസാനിപ്പിച്ചു. സംസ്ഥാന മീറ്റില്‍ 3.45 മീറ്റര്‍ ചാടി സീനിയര്‍ വിഭാഗം ദേശീയ റെക്കോര്‍ഡിനെയും മറികടന്ന പ്രകടനം ആവര്‍ത്തിക്കാനാകാത്ത നിരാശയുമായാണ് നിവ്യ ജംപിങ് പിറ്റ് വിട്ടത്. സ്റ്റേഡിയം മുഴുവനും പ്രോത്സാഹനവുമായി കൂടെ നിന്നിട്ടും റണ്ണിങിലെ പിഴവാണു തിരിച്ചടിയായത്. പിഴവുകള്‍ തിരുത്തി പ്രോത്സാഹിപ്പിക്കാന്‍ പരിശീലകന്‍ പാല ജംപ്‌സ് അക്കാദമിയിലെ സതീഷ്‌കുമാര്‍ എത്താതിരുന്നതു നിവ്യയ്ക്ക് കൂടുതല്‍ ഉയരം കീഴടക്കാന്‍ തടസമായി. മത്സരത്തിനായുള്ള തയ്യാറെടുപ്പുകളിലെ പിഴവും താരത്തെ ചതിച്ചു. മീറ്റ് മാറ്റിവച്ചതിനെ തുടര്‍ന്ന് പരിശീലനം അവസാനിപ്പിച്ചു നിവ്യ പാലക്കാട്ടേക്ക് മടങ്ങിയിരുന്നു. ഒരാഴ്ച മുന്‍പാണ് മീറ്റിനായി പരിശീലനം തുടങ്ങിയത്. കണ്ണൂര്‍ കോളയാട് എടക്കുടിയില്‍ ആന്റണി - റെജി ദമ്പതികളുടെ മകളായ നിവ്യ തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലെ വെങ്കല മെഡല്‍ ജേതാവാണ്.
ഓട്ടം മതിയാക്കി സാന്ദ്ര
നടന്നത് സ്വര്‍ണത്തിലേക്ക്
എതിരാളികളുടെ തലയെടുപ്പിനും കടുത്ത തണുപ്പിനും കൊച്ചു സാന്ദ്ര സ്വര്‍ണത്തിലേക്ക് നടന്നു കയറുന്നതിനെ തടയാനായില്ല. ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റിലെ പെണ്‍കുട്ടികളുടെ മൂന്നു കിലോ മീറ്റര്‍ നടത്തത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സാന്ദ്ര സുരേന്ദ്രന്‍ തന്നെ ജേതാവായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 14.08 സെക്കന്‍ഡില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ സാന്ദ്രയ്ക്ക് പഴയ മികവു പുറത്തെടുക്കാനായില്ല. 15.02.22 സെക്കന്‍ഡിലായിരുന്നു സാന്ദ്ര മഞ്ജല്‍പൂരില്‍ സ്വര്‍ണം നടന്നു നേടിയത്. ഉത്തര്‍പ്രദേശിന്റെ കെ.എം മുനിത പ്രജാപതി 15.07.65 സെക്കന്‍ഡില്‍ വെള്ളിയും പഞ്ചാബിന്റെ ഗുര്‍പ്രീത് കൗര്‍ (15.07.96) വെങ്കലവും നേടി. മത്സരം തുടങ്ങിയതു മുതല്‍ സാന്ദ്ര മുന്നില്‍ തന്നെ നടന്നു.
രണ്ടാം ലാപില്‍ സാന്ദ്രയ്ക്ക് ഫൗളിനു മുന്നറിയിപ്പ് കാര്‍ഡ്. ഇതോടെ തെല്ലൊന്നു വേഗം കുറച്ചു. ഇതോടെ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് താരങ്ങള്‍ സാന്ദ്രയുടെ കൂടെ നടത്തം തുടങ്ങി. തണുപ്പില്‍ ശ്വാസമെടുക്കാന്‍ പ്രയാസം ഉണ്ടായിട്ടും എതിരാളികളെ മുന്നില്‍ കയറാന്‍ അനുവദിച്ചില്ല. അവസാന ലാപ്പിലേക്ക് പോരാട്ടം കടക്കുന്നതിനു തൊട്ടു മുന്‍പ് സാന്ദ്ര എതിരാളികളുടെ മുന്നില്‍ നടന്നു കയറി. തന്നേക്കാള്‍ നീളവും തലയെടുപ്പുമുള്ള എതിരാളികളെ പിന്തള്ളി സ്വര്‍ണ നടത്തം പൂര്‍ത്തിയാക്കി.
മറ്റൊരു മലയാളി താരമായ കെ അക്ഷയ നാലാമതായാണ് ഫിനിഷ് ചെയ്തത്. കോഴിക്കോട് ദേശീയ മീറ്റിലാണ് സാന്ദ്ര ആദ്യ സ്വര്‍ണം നേടിയത്. സബ്ജൂനിയറായിരുന്നെങ്കിലും ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് ഒന്നാമതെത്തുകയായിരുന്നു. അത്‌ലറ്റിക്കിന്റെ ട്രാക്കില്‍ നിന്നുമാണ് നടത്തത്തിലേക്ക് സാന്ദ്ര വഴി തിരിഞ്ഞത്. മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ 600 മീറ്ററിലെ താരമായിരുന്ന സാന്ദ്ര പിന്നീട് നടത്തത്തിലേക്ക് വഴി മാറുകയായിരുന്നു. പാലക്കാട് നെന്മാറ കളത്തില്‍ സുരേന്ദ്രന്റെയും സരസ്വതിയുടെയും മകളാണ്. കല്ലടി കുമരംപുത്തൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സാന്ദ്ര വി.ടി മിനീഷിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ഷോട്പുട്ടില്‍ ഹരിയാന
ത്രോയിനങ്ങളില്‍ പതിവു തെറ്റിക്കാതെ ഹരിയാനയുടെ സ്വര്‍ണ വേട്ട. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഷോട് പുട്ടിലാണ് ഹരിയാന താരങ്ങള്‍ സ്വര്‍ണം എറിഞ്ഞു വീഴ്ത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ യോഗിത 12.85 മീറ്റര്‍ ദൂരം ഷോട്ടെറിഞ്ഞ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
മഹാരാഷ്ട്രയുടെ മേഘ്‌ന ദേവാങ്കറുടെ 12.45 മീറ്റര്‍ ദൂരമാണ് മറികടന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മോഹിത് 17.99 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പായിച്ചു റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഹരിയാനയുടെ തന്നെ സൗരവ് തന്‍വാര്‍ (17.95 മീറ്റര്‍) വെള്ളിയും ഡല്‍ഹിയുടെ കാര്‍ത്തികേയ (17.53) വെങ്കലവും നേടി. ഹരിയാനയുടെ സത്യവാന്‍ സ്ഥാപിച്ച 17.41 മീറ്റര്‍ ദൂരമാണ് മൂവരും മറികടന്നത്.
തിരികെ യാത്ര ത്രിശങ്കുവില്‍
കേരള താരങ്ങളുടെ മടക്ക യാത്ര അനിശ്ചിതിത്വത്തില്‍. 24നു പുലര്‍ച്ചെ 5.30 നുള്ള പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്പ്രസിലാണു യാത്ര നിശ്ചയിച്ചിട്ടുള്ളത്. ഒരു ടിക്കറ്റ് പോലും ഇതുവരെ ഉറപ്പായിട്ടില്ല. മുഖ്യമന്ത്രി, കായിക മന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.പിമാരായ എ സമ്പത്ത്, ശശി തരൂര്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ ശുപാര്‍ശ കത്തുകളുമായി ടിക്കറ്റ് ഉറപ്പിക്കാന്‍ പശ്ചിമ റെയില്‍വേയുടെ ബുക്കിങ് ഓഫിസില്‍ കയറി ഇറങ്ങുകയാണ് കേരള ടീം ജനറല്‍ മാനേജര്‍ അനീഷ് തോമസ്. മലയാളിയും മുന്‍ കായിക താരവുമായ വഡോദര റെയില്‍വേ സീനിയര്‍ കൊമേഴ്‌സ്യല്‍ ഡിവിഷണല്‍ മാനേജര്‍ സുരേഷ് കുമാറിന്റെ സഹായവും തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."