കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം യു.ഡി.എഫ് സഹകാരികളും ജനറല്‍ബോഡി യോഗത്തില്‍
തിരുവനന്തപുരം: 13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ പൊതുയോഗം അംഗീകാരം നല്‍കി.
അംഗത്വഘടനയിലുണ്ടായ മാറ്റവും പുതിയ ലോഗോയും കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമും യോഗം അംഗീകരിച്ചു.
കേരള ബാങ്കിന്റെ നിര്‍ദ്ദിഷ്ട ബൈലോ ഭേദഗതി ഏകകണ്ഠമായി അംഗീകരിച്ച പൊതുയോഗം ബാങ്കിന്റെ ദര്‍ശനരേഖയ്ക്കും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ബിസിനസ് പ്ലാനിനും അംഗീകാരം നല്‍കി.
നിലവിലെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്.
987 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി യു.ഡി.എഫുകാരായ നൂറോളം സര്‍വിസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ കേരള ബാങ്ക് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു.
പ്രമുഖ യു.ഡി.എഫ് നേതാക്കളായ വി.ജെ പൗലോസ് (മുന്‍ എറണാകുളം ഡി.സി.സി പ്രസിഡന്റ്, മുന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്), എന്‍.കെ അബ്ദുല്‍ റഹ്മാന്‍ (മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ടി.യു ഉദയന്‍ (മുന്‍ തൃശൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ്, ഇടമുട്ടം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), അഡ്വ. സിദ്ദിഖ് (മുസ്‌ലിം ലീഗ് നേതാവ്, പാലക്കാട് അരിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), കല്ലിംഗല്‍ പത്മനാഭന്‍ (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), മാത്യു ആന്റണി (കേരള കോണ്‍ഗ്രസ് നേതാവ്, വഴിത്തല സര്‍വിസ് സഹകരണബാങ്ക്), ജോണ്‍സണ്‍ ജോസഫ് (കേരള കോണ്‍ഗ്രസ് നേതാവ്, പുറപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്), ജോസ് തോമസ് (കേരള കോണ്‍ഗ്രസ് നേതാവ്, കരിങ്കുന്നം സര്‍വിസ് സഹകരണ ബാങ്ക്) തുടങ്ങിയവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.
ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരള ബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെയാകെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരള ബാങ്ക് ശൃംഖല. കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്.
1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്. കേരള ബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് 1625ഉം ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകള്‍ക്ക് 60ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം.
ഈ ശൃംഖലക്ക് സംസ്ഥാന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാകും. കാര്‍ഷികവായ്പ പടിപിടിയായി ഉയര്‍ത്തുക കേരള ബാങ്കിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്ക് ലോഗോയെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ലോഗോയിലുള്ള 14 ഡോട്ടുകള്‍ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."