HOME
DETAILS
MAL
യെമനിലെ ഹൂതി ആക്രമണം: സഊദിയും അറബ് ലീഗും അപലപിച്ചു
backup
January 21 2020 | 09:01 AM
റിയാദ്: യെമനിലെ മആരിബിൽ സൈനികരടക്കകം നൂറോളം പേരുടെ ജീവഹാനി നഷ്ടപ്പെട്ട ആക്രമണത്തിൽ സഊദി അറേബ്യായും അറബ് ലീഗും അതിശക്തമായി അപലപിച്ചു. സഊദി വിദേശ കാര്യ മന്ത്രാലയമാണ് ഹൂത്തി മിലീഷ്യകൾ മസ്ജിദിൽ നടത്തിയ ആക്രമണത്തിനെതിരെ അതിരൂക്ഷമായി രംഗത്തെത്തിയത്. മനഃസാക്ഷിക്കുത്തില്ലാത്ത പ്രവർത്തനമാണ് ഹൂതികൾ നടത്തിയതെന്ന് സഊദി ആരോപിച്ചു. വിശുദ്ധ കേന്ദ്രങ്ങളും യെമനികളുടെ രക്തവും ഹൂത്തി മിലീഷ്യകൾക്ക് യാതൊരു വിലയുമില്ലെന്നതിന്റെ ഉദാഹരണമാണ് സംഭവം. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് പൈശാചികമായ ഈ ഭീകരാക്രമണമെന്നും യെമനികൾക്കൊപ്പം സഊദി അറേബ്യ നിലയുറപ്പിക്കുമെന്നും സഊദി വിദേശ മന്ത്രാലയം പറഞ്ഞു.
ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ മാരിബിൽ സൈനിക പരിശീലന ക്യാമ്പിലെ മസ്ജിദിൽ നടത്തിയ ഭീകരാക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്തും അപലപിച്ചു.
സംഘർഷം രൂക്ഷമാക്കുന്നത് ഹൂത്തികളെ ചട്ടുകമായി ഉപയോഗിക്കുന്ന പ്രാദേശിക ശക്തിയുടെ അജണ്ടകൾക്കു മാത്രമാണ് ഗുണം ചെയ്യുകയെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു.
തലസ്ഥാന നഗരിയായ സൻആയിൽ നിന്ന് 170 കിലോമീറ്റർ ദൂരെ മധ്യയെമനിലെ മാരിബ് പ്രവിശ്യയിലെ സൈനിക ക്യാമ്പിലെ മസ്ജിദിൽ ശനിയാഴ്ച ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 100 ലേറെ പേർ കൊല്ലപ്പെട്ടതായി യെമൻ വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സൈനികർക്കു പുറമെ പ്രദേശവാസികളായ സാധാരണക്കാരും നമസ്കാരത്തിൽ മുഴുകിയ നേരത്താണ് മസ്ജിദിനു നേരെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."