കമോണ്‍ ഇന്ത്യ
അബൂദബി: ഏഷ്യന്‍ കപ്പിന്റെ ആവേശകരമായ തുടക്കത്തിന് ശേഷം ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ തായ്‌വാനെ 4-1 തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് നീലക്കടുവകള്‍. ആദ്യ റൗണ്ട് കടക്കില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും ചരിത്രത്തില്‍ ഇടം നേടാനും വേണ്ടി ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ തീരു എന്ന അവസ്ഥയിലാണ്.
ആദ്യ മത്സരത്തിലെ മിന്നും ജയവും മികച്ച ഗോള്‍ ഡിഫ്രന്‍സും ഇന്ത്യയെ നിലവില്‍ എ ഗ്രൂപ്പില്‍ മുന്നിലെത്തിച്ചു . അപാര ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും ഫോമിലേക്ക് തിരിച്ചെത്തിയ ജെജയും അനിരുദ്ധ് ഥാപ്പയും ഉള്‍പ്പെടുന്ന മുന്നേറ്റനിര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ആദ്യ മത്സരത്തില്‍ പ്രതിരോധത്തിന് കാര്യമായ പാളിച്ചകളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ജിങ്കന്‍, അനസ് കൂട്ടുകെട്ടിന് മതില്‍ തീര്‍ക്കാനായാല്‍ ഇന്ത്യയുടെ രണ്ടാം റൗണ്ട് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ വെക്കും. ആദ്യ മത്സരത്തില്‍ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നിലവിലെ ഫോമില്‍ ഇന്ത്യക്ക് മികച്ച പ്രതീക്ഷയുണ്ട്. ഇന്നത്തെ മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തുകയോ സമനില പിടിക്കുകയോ ചെയ്യാന്‍ ഇന്ത്യക്കാകുമെന്ന വിശ്വാസം ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപിനുണ്ടെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നമ്മള്‍ പ്ലാന്‍ ചെയ്ത പദ്ധതികള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്നത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം കണ്ടെത്താനാകുമെന്ന് പ്രതിരോധ താരം പ്രീതം കോട്ടാല്‍ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യ ആദ്യ റൗണ്ട് കടക്കില്ലെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ ബൈചുങ് ഭൂട്ടിയ അടക്കമുള്ള താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇത്തരക്കാര്‍ക്കെല്ലാം മറുപടി നല്‍കിയായിരുന്നു ഇന്ത്യയുടെ ആദ്യ ജയം. അബൂദബി ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാത്രി 9.30നാണ് മത്സരം. ഗാലറിയില്‍ നിന്നും ലഭിക്കുന്ന പിന്തുണ വലുതാണ്. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയുടെ ജയത്തിന്റെ പ്രധാന കാരണം ഗാലറിയില്‍ നിന്ന് ലഭിച്ച പിന്തുണയായിരുന്നു. ഇന്നത്തെ മത്സരത്തിലും ടീമിനെ പിന്തുണക്കാന്‍ ആരാധകര്‍ എത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പറഞ്ഞു. സ്റ്റേഡിയത്തിലെ പിന്തുണ കണ്ടാല്‍ സ്വന്തം രാജ്യത്ത് കളിക്കുന്ന അനുഭവമാണ് ലഭിക്കുന്നതെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."