കംപ്യൂട്ടര്‍, സ്മാര്‍ട്ട് നിരീക്ഷണ ഉത്തരവിന് സ്റ്റേയില്ല; കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണുകള്‍ നിരീക്ഷിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
അതേസമയം ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രിം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സ്വകാര്യതയില്‍ കടന്ന് കയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന് കാട്ടിയാണ് ഹരജി.
2018 ഡിസംബര്‍ 20 നാണ് കേന്ദ ആഭ്യന്തര മന്ത്രാലയം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് കംപ്യൂട്ടറിലും മൊബൈലിലും നിര്‍മിക്കുന്നതോ, കൈമാറുന്നതോട, ലഭിക്കുന്നതോ, സൂക്ഷിന്നതോ ആയ വിവരങ്ങള്‍ പിടിച്ചെടുക്കാനും നിരീക്ഷിക്കാനും അന്വേഷണ വിഭാഗങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് ഉത്തരവ്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ടാക്‌സ്, ഡയരക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, സി.ബി.ഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയരക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലിസ് കമ്മിഷണര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അനുമതി.
ഉത്തരവ് പ്രകാരം, ഉപഭോക്താവോ, സേവനദാതാക്കളോ ഏതു വിവരങ്ങളും ആവശ്യപ്പെടുമ്പോള്‍ ഇവര്‍ക്കു കൈമാറണം. ഇതു ലഭ്യമാക്കാന്‍ സാങ്കേതിക സഹായിയേയും ലഭ്യമാക്കണം. ഇതു നല്‍കിയില്ലെങ്കില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."