റീബില്‍ഡ് കേരള: ജില്ലയില്‍ നിര്‍മിക്കുന്നത് 162 വീടുകള്‍
കണ്ണൂര്‍: പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി (റീബില്‍ഡ് കേരള) ജില്ലയില്‍ 162 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള നടപടികളായി. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കു പകരം വിവിധ ഏജന്‍സികളുടെ സഹായത്തോടെ സര്‍ക്കാര്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് തീരുമാനം. 20 വീടുകള്‍ സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍പെടുത്തിയാണ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുകയാണ്. ലിന്റല്‍ നിലവരെ നിര്‍മാണഘട്ടം എത്തിയ വീടുകളാണ് ഈ പദ്ധതിയിലുള്ളവയില്‍ ഏറെയും. 67 പേര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെ വീട് നിര്‍മിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചവരാണ്. ഇവര്‍ക്ക് ഇതനുസരിച്ച് നാലു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ആദ്യ ഗഡുവായി 95,100 രൂപ വീതം ഇവര്‍ക്ക് നല്‍കി. നിര്‍മാണ ജോലി പുരോഗമിക്കുന്നതിനനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ബാക്കി ഗഡു നല്‍കും. 75 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇവര്‍ പദ്ധതി സമര്‍പ്പിച്ചു. വീടുവയ്ക്കാനുള്ള സ്ഥലം ലഭ്യമാക്കാനാവശ്യമായ പ്രൊപ്പോസല്‍ റവന്യൂ വകുപ്പ് തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. സ്ഥലം ലഭ്യമാകുന്നതോടെ 75 വീടുകളുടെ നിര്‍മാണം ആരംഭിക്കാനാവും.
ജില്ലയില്‍ ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലായി 162 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ 34 കുടുംബങ്ങള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരാണ്. 3794 വീടുകള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചു.
നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അതത് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം കണക്കാക്കുന്ന തോത് അനുസരിച്ചുള്ള തുകയും നല്‍കിക്കഴിഞ്ഞു. അവകാശ തര്‍ക്കമുള്ളതും ബാങ്ക് അക്കൗണ്ടിന്റ വിശദാംശം നല്‍കാത്തതുമായ കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."