'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത്
ടെല്‍ അവീവ്: ഹമാസിനെ തുരത്താനെന്ന പേരും പറഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഫലസ്തീനില്‍ കിടന്ന് നിരങ്ങുകയാണ് ഇസ്‌റാഈല്‍. ഒരു നാടിനെയൊന്നാകെ അവിടുത്തെ മുഴുവന്‍ സംവിധാനങ്ങളും തകര്‍ത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെയാക്കി എങ്ങോട്ടെന്നില്ലാതെ കുടിയിറക്കിയിട്ട് അവര്‍ ലക്ഷ്യം നേടിയോ..ഇല്ലെന്നാണ് ഉത്തരം.
ഒരുവര്‍ഷത്തിലധികമായി ഗസ്സയ്ക്ക് മേല്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കെ ലബനാനിലേക്ക് കൂടി വ്യാപിപ്പിച്ച ആക്രമണം ലക്ഷ്യംകാണുന്നില്ലെന്ന് ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ തന്നെ അഭിപ്രായമുയരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രി യോവ് ഗാലന്റ് പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന് അയച്ച രഹസ്യകത്ത് പുറത്ത് വന്നിട്ടുണ്ട്.
ഫലസ്തീനിലെ ആക്രമണതന്ത്രങ്ങള്‍ പാളുന്നുവെന്നും അതിനാല്‍ ലക്ഷ്യങ്ങള്‍ പുനനിര്‍ണയിക്കണമെന്നുമാണ് ഗാലന്റ്, നെതന്യാഹുവിനോട് ആവശ്യപ്പെടുന്നത്. ഇസ്‌റാഈലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ല. ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണം. കത്തില്‍ ആവര്‍ത്തിക്കുന്നു. 'ചാനല്‍ 13' ആണ് കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജറൂസലം പോസ്റ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹമാസിനെ ഇല്ലാതാക്കുകയും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കരയാക്രമണം തുടങ്ങിയതെങ്കിലും ഒരുവര്‍ഷമായിട്ടും ബന്ദികളെ ഇസ്‌റാഈലിന് മോചിപ്പിക്കാനായിട്ടില്ല. ഈ രണ്ടുലക്ഷ്യങ്ങളോടെയാണ് ആക്രമണം തുടങ്ങിയതെങ്കിലും ഇറാന്‍ അനുകൂല ഗ്രൂപ്പുകളും ലബനാനും ഇറാനും നേരിട്ട് ഇടപെട്ടതോടെ ആക്രമണതലം വ്യാപിപ്പിക്കേണ്ടിവന്നുവെന്ന് ഗാലന്റ് ചൂണ്ടിക്കാട്ടി. നിലവില്‍ ഏഴുതലത്തിലുള്ള ശത്രുക്കളോടാണ് യുദ്ധംചെയ്യുന്നത്. ഇത് രാജ്യത്തിനെതിരായ ഭീഷണി ഇരട്ടിയാക്കി. ലക്ഷ്യം കൈവരിക്കുന്നത് നീളാനും കാരണമായി. ലബനനില്‍ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം ശക്തമാക്കുന്നതിന് മുമ്പ് വടക്കന്‍ ഇസ്‌റാഈലിലെ അധിനിവിഷ്ട
പ്രദേശത്തെ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരിക എന്നതായിരുന്നു ഇവിടത്തെ ലക്ഷ്യം. എന്നാലിപ്പോള്‍ അതും അട്ടിമറിക്കപ്പെട്ടു.
യുദ്ധത്തില്‍ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ ബഹുതലങ്ങളില്‍നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിക്കുന്നു.
ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്റ് പറയുന്നു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ വേദനാജനകമായ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും, സൈനികനടപടികളിലൂടെ മാത്രം ബന്ദി മോചനം സാധ്യമാകില്ലെന്നും ഗാലന്റ് പറയുന്നു. സൈനികനീക്കം എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന കുറ്റസമ്മതവും നടത്തുന്നുണ്ട് ഗാലന്റ്.
ഒക്ടാബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിലായിരുന്നു ഗാലന്റിന്റെ കുറ്റസമ്മതം.
അതിനിടെ ലബനാനില്‍നിന്ന് ഹിസ്ബുല്ലയുടെ തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങളും ഇസ്‌റാഈലിനെ ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഭൂമിക്കടിയിലാണ് ഇസ്‌റാഈലില്‍ നെതന്യാഹു മന്ത്രിസഭ യോഗം ചേര്‍ന്നത് . പ്രധാനമന്ത്രിയുടെ വസതിയിലാണ് പൊതുവെ മന്ത്രിസഭ കൂടാറുള്ളതെങ്കിലും സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് ഭൂമിക്കടിയിലെ പ്രത്യേക അറയിലേക്ക് യോഗം മാറ്റുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
ഉന്നത രാഷ്ട്ര നേതാക്കളെ ഹിസ്ബുല്ല ലക്ഷ്യംവയ്ക്കാനിടയുണ്ടെന്ന് ആഭ്യന്തര ചാരസംഘടന ഷിന്‍ ബേത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."