രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍
കണ്ണൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ മനംനൊന്ത് എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് ഇന്ന് വിധി പറയും. അതിനിടെ, പി.പി ദിവ്യ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടി. രക്തസമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അരമണിക്കൂറിനു ശേഷം മടങ്ങി.
വാദം പൂര്‍ത്തിയായ മുന്‍കൂര്‍ ജാമ്യഹരജി ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ രാവിലെ 11നുതന്നെ വിധി പറയാറാണ് പതിവ്. ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കില്‍ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കാം. വിധിവരുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷയും നല്‍കാം.
ഇത്തരം കാര്യങ്ങള്‍ ദിവ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പൊലിസിനു മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ഉത്തരവുകളും കോടതികളില്‍നിന്ന് ഉണ്ടാകാറുണ്ട്. ഈ സാധ്യതയും നിയമവിദഗ്ധര്‍ തള്ളുന്നില്ല. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചാല്‍ ദിവ്യയെ ഉടന്‍ അറസ്റ്റ് ചെചെയ്ത് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍ അറസ്റ്റിന് മുമ്പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ദിവ്യയോട് പൊലിസിനു മുന്നില്‍ കീഴടങ്ങാനാണ് പാര്‍ട്ടി നിര്‍ദേശിക്കുക എന്നറിയുന്നു. ജാമ്യം ലഭിക്കുകയാണെങ്കില്‍ അറസ്റ്റ് സാധ്യത ഒഴിവാകുമെങ്കിലും കര്‍ശന വ്യവസ്ഥകള്‍ ബാധകമാകും. നവീന്‍ ബാബു മരിച്ച് 14 ദിവസം കഴിഞ്ഞിട്ടും ദിവ്യ ഒളിവില്‍ തുടരുകയാണ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് ഇന്നലെയും കലക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."