കിം ജോങ് നാമിന്റെ വധം; വതികള്‍ക്കെതിരേ കൊലക്കുറ്റം
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. മലേഷ്യന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അപാന്‍ദി അലി അറിയിച്ചതാണ് ഇക്കാര്യം. കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മലേഷ്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
ഇന്തോനേഷ്യക്കാരിയായ സിതി ആസിയ (25), വിയറ്റ്‌നാം സ്വദേശി ദോന്‍ തി ഹുവോങ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്. ഇവരാണ് കിം ജോങ് നാമിന്റെ മുഖത്ത് വിമാനത്താവളത്തില്‍ വച്ച് രാസായുധമായി ഉപയോഗിക്കുന്ന രാസവസ്തു സ്‌പ്രേ ചെയ്തത്. റിയാലിറ്റി ഷോയെന്ന വ്യാജേനയാണ് തങ്ങളെ കൊണ്ട് ഇതു ചെയ്യിപ്പിച്ചതെന്നും 90 ഡോളറാണ് പ്രതിഫലം നല്‍കിയതെന്നും യുവതികള്‍ പറഞ്ഞെങ്കിലും ഇതു പൊലിസ് വിശ്വസിക്കുന്നില്ല. ശരീരത്തിലായാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്ന വിഷദ്രാവകം യുവതികള്‍ വളരെ കരുതലോടെയാണ് ഉപയോഗിച്ചതെന്നും ഇത് അവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് അറിയാമെന്നതിന്റെ തെളിവാണെന്നും പൊലിസ് പറയുന്നു.
പ്രതികള്‍ പറയുന്ന പേരുകള്‍ ഉത്തര കൊറിയന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടക്കമുള്ളവരുടേതാണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഇതിനു നയതന്ത്രതടസമുണ്ട്. അറസ്റ്റിലായ സിതി ആസിയ മലേഷ്യയിലെ വിനോദ കമ്പനിയിലെ ജീവനക്കാരിയും വിയറ്റ്‌നാം സ്വദേശി ദോന്‍ തി ഹുവോങ് ഹോട്ടലിലെ മസാജ് പാര്‍ലറിലെ ജീവനക്കാരിയുമാണെന്ന് പൊലിസ് അറിയിച്ചു. ഇവരുടെ ജീവിതരീതിയില്‍ ദുരൂഹതയുണ്ടെന്ന് പൊലിസും പറയുന്നു.
കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ക്കെതിരേ വധക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പൊലിസ് പറഞ്ഞു. കേസില്‍ 10 പേരെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. ഇതില്‍ മലേഷ്യയിലെ ഉ.കൊറിയന്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥനും എയര്‍ കൊറിയോ ജീവനക്കാരനും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഉന്നതതലസംഘം മലേഷ്യയിലെത്തി. മുന്‍ യു.എന്‍ അംബാസിഡറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
അതിനിടെ കഴിഞ്ഞമാസം 13 ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത് കിം ജോങ് നാം ആണെന്ന് മലേഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉത്തരകൊറിയയില്‍ നിന്ന് നയതന്ത്ര പാസ്‌പോര്‍ട്ടില്‍ എത്തിയ യാത്രക്കാരന്‍ എന്നാണ് പൊലിസ് ഇപ്പോഴും പറയുന്നത്. മക്കാവുവിലേക്കുള്ള വിമാനത്തില്‍ യാത്ര പ്രതീക്ഷിച്ചെത്തിയ കിം ജോങ് നാം (42) ആണ് യുവതികളുടെ വിഷപ്രയോഗത്തിലൂടെ കൊല്ലപ്പെട്ടത്. വി.എക്‌സ് എന്ന രാസായുധമാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും പിന്നീട് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."