കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഫണ്ട് അനുവദിച്ചതിനെ ചൊല്ലി തര്‍ക്കം; യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
കുറ്റ്യാടി: ചട്ടം ലംഘിച്ച് ഫണ്ട് അനുവദിച്ചെന്ന് ആരോപിച്ച് ഇന്നലെ നടന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്നു യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
2019-20 വാര്‍ഷിക പദ്ധതിയില്‍ ഒരു പഞ്ചായത്തിന് ഒരു റോഡ് പദ്ധതി പ്രകാരം റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് അംഗങ്ങളുടെ ഡിവിഷനുകളെ പാടേ അവഗണിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഏകപക്ഷീയമായി നല്‍കിയ ലിസ്റ്റ് ബോര്‍ഡ് അംഗീകരിച്ചതിനാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.
കായക്കൊടി പഞ്ചായത്ത് ഉള്‍പ്പെട്ട ദേവര്‍കോവില്‍ ഡിവിഷനില്‍ കരണ്ടോട് വയല്‍ സാമ്പ്രി-ഓത്തിയോട്ട് റോഡ്, ഉരുവന്തോടിതറ കണയങ്കോട് റോഡ് എന്നിവയും കായക്കൊടി, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കുറ്റ്യാടി ഡിവിഷനില്‍ ചേറുവറ്റമുക്ക് -മലോല്‍താഴ റോഡ്, ചെത്തിപ്പാലം-കമ്മരണി റോഡ് എന്നിവയും നരിപ്പറ്റ പഞ്ചായത്ത് ഉള്‍പ്പെട്ട നരിപ്പറ്റ ഡിവിഷനില്‍ നിന്ന് ആനക്കല്‍താഴ-പാറക്കാംപൊയില്‍ തുടങ്ങിയ റോഡുകളാണ് പ്രസ്തുത ഡിവിഷനുകളിലെ യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ദേശിച്ചത്. എന്നാല്‍ പദ്ധതി ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മെംബര്‍മാരുടെ നിര്‍ദേശം പരിഗണിക്കാതെ അതാത് പഞ്ചായത്ത് നേരിട്ട് നല്‍കിയ ലിസ്റ്റാണ് പരിഗണിച്ചതെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്.
എന്നാല്‍ ഈ നടപടി നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തിന് എതിരാണെന്ന് രേഖകള്‍ സഹിതം പ്രതിപക്ഷ അംഗം വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത പദ്ധതി പ്രകാരം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് അംഗങ്ങളും ചേര്‍ന്നെടുക്കുന്ന തീരുമാനം അനുസരിച്ചു ഫണ്ട് അനുവദിക്കണമെന്നായിരുന്നു തീരുമാനം. പഞ്ചായത്തുകളോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും യഥാസമയം ലിസ്റ്റ് നല്‍കാന്‍ പല പഞ്ചായത്ത് പ്രസിഡന്റുമാരും തയാറായില്ല.
ഒടുവില്‍ കഴിഞ്ഞ ഡിസംബര്‍ 17ന് വൈകുന്നേരത്തിനു മുന്‍പ് ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ ഡിവിഷന്‍ മെംബര്‍മാര്‍ നല്‍കിയ ലിസ്റ്റ് പരിഗണിച്ച് ഫണ്ട് അനുവദിക്കാന്‍ അന്നു ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ തീരുമാനിച്ചതാണ്.
വല്ല കാരണവശാലും പഞ്ചായത്തുകള്‍ അനുവാദം നല്‍കിയില്ലെങ്കില്‍ പ്രസ്തുത ഫണ്ട് മാറ്റാനും ഫണ്ട് അനുവദിക്കേണ്ട റോഡുകളുടെ ലിസ്റ്റ് അംഗീകരിച്ച് രേഖപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതല്ലാം കാറ്റില്‍ പറത്തിയാണ് ബ്ലോക്ക് ഭരണസമിതി പ്ലാനിങ് കമ്മിറ്റിക്ക് പദ്ധതി സമര്‍പ്പിച്ചത്. ദേവര്‍കോവില്‍ ഡിവിഷനില്‍ കായക്കൊടി പഞ്ചായത്ത് ഡിവിഷന്‍ അംഗം നിര്‍ദേശിച്ച റോഡ് അല്ലാത്ത മറ്റൊരു റോഡിന്റെ പേരില്‍ 19ന് സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും പദ്ധതിക്കായി ഫണ്ടനുവദിക്കുകയുമാണുണ്ടായത്.
ഇതുപോലെ കുറ്റ്യാടിയിലും നരിപ്പറ്റയിലും ഫണ്ട് അനുവദിക്കുകയുണ്ടായി. ഇത് ചട്ടവിരുദ്ധവും ജനകീയ ആസൂത്രണ പദ്ധതി സമീപനങ്ങള്‍ക്കെതിരുമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
പ്രസ്തുത നടപടിക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത ബ്ലോക്ക് അംഗങ്ങളായ വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, കെ.പി ശ്രീനിജ, ബീന ഏലിയാറ, കെ.പി നഈമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."