സഊദി ഉപ കിരീടവകാശി അമേരിക്കയില്‍: ലക്ഷ്യം രാജ്യത്തേക്ക് നിക്ഷേപം ഒഴുക്കുക
ദമ്മാം: സഊദി അറേബ്യയിലേക്ക് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അമേരിക്കയിലെത്തി. രാജ്യത്തിന്റെ വികസനരംഗത്ത് ചരിത്രം രചിക്കുന്ന വിഷന്‍ 2030ന്റെ ശില്‍പ്പി കൂടിയായ ഇദ്ദേഹം വന്‍കിട അന്താരാഷ്ട്ര കമ്പനികളുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിനും മറ്റു പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് അദേഹം അമേരിക്കയില്‍ എത്തിച്ചേര്‍ന്നതായി സഊദി പ്രസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങളോളം നീളുന്ന സന്ദര്‍ശനത്തില്‍ മേഖലയിലെ പ്രധാന പ്രശ്‌നങ്ങളായ സിറിയയിലെ ആഭ്യന്തര യുദ്ധം, ഐ.എസിനെതിരായ സൈനിക നടപടികള്‍, യമനിലെ സംഘര്‍ഷം എന്നിവ മുഖ്യ ചര്‍ച്ചയാകും. കൂടാതെ നിര്‍ണായകമായ നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ യുഗത്തിന് ശേഷം സഊദിയുടെ ഭാവി താറുമാറാകാതിരിക്കാനായി മറ്റു മേഖലയിലേക്കുള്ള വിദേശനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് യാത്രയുടെ പ്രഥമ ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ചയാണ്. കൂടാതെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, സി.ഐ.എ തലവന്‍ ജോണ്‍ ബ്രണ്ണന്‍, നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
നാളെ യു.എസ് വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിസ്‌കര്‍, പ്രതിരോധ സെക്രട്ടറി ആഷ് ടോണ്‍ കാര്‍ട്ടര്‍, യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് തോമസ് ഡനോഹ്യൂ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും കാലിഫോര്‍ണിയയില്‍ സിലിക്കണ്‍ വാലിയില്‍ വിവിധ വന്‍കിട കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുമായും ചര്‍ച്ച നടത്തും.
സാമ്പത്തിക നിക്ഷേപലക്ഷ്യത്തിനു പുറമെ സൈനിക സഹകരണം, സൈനിക ഉപകരണങ്ങള്‍ സഊദിയില്‍ തന്നെ ഉല്‍പ്പാദനം നടത്താനുള്ള സഹകരണം, ഇതിനായുള്ള പ്രത്യേക ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളിലും ചര്‍ച്ചകള്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് അമേരിക്കയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയില്‍ പഠനം നടത്തുന്ന 2,628 സഊദി വിദ്യാര്‍ഥികളുമായി സംവദിച്ചാണ് അമേരിക്കന്‍ പര്യടനത്തിന് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."