റവന്യൂ വകുപ്പിനെതിരേ അഴിമതിയാരോപണവുമായി സി.പി.ഐ
നിലമ്പൂര്‍: ജനതപ്പടിയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള പാടശേഖരം ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ടിലൂടെ മണ്ണിടാനുള്ള പരിശ്രമം തുടരുകയാണെന്ന ആരോപണവുമായി സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി. പ്രതിഷേധിക്കുന്നവരെ പ്രലോഭനങ്ങളുമായി കൈകാര്യം ചെയ്യുന്നതായി സൂചനയുണ്ട്.
മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കാര്‍ഷിക കോഴ്‌സുകളുടെ പഠനത്തിനായി ഉപയോഗിക്കുന്ന കൃഷിയിടത്തിന്റെ മുന്‍വശത്തെ പാടശേഖരമാണ് മണ്ണിട്ട് നികത്തുന്നത്. ഭൂമിയുടെ മുക്കാല്‍ ഭാഗവും നികത്തിക്കഴിഞ്ഞു. ബി.ടി.ആറില്‍ വന്ന തെറ്റ് മുതലാക്കി കോടതിയില്‍നിന്നു നേടിയ സ്റ്റേയുടെ പിന്‍ബലത്തിലാണ് മണ്ണിടല്‍. സംഭവിച്ച് തെറ്റ് തിരുത്താന്‍ നിലമ്പൂര്‍ വില്ലേജ് ഓഫിസര്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് 2018 മെയ് 30ന് നല്‍കിയ കത്ത് താലൂക്ക് സര്‍വേയര്‍ക്ക് നല്‍കിയിരുന്നു. സര്‍വേയര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് റിപ്പോര്‍ട്ട് മടക്കി നല്‍കിയത്.
എന്നാല്‍, പ്രസ്തുത റിപ്പോര്‍ട്ടില്‍ യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. കോടതിയില്‍ സ്റ്റേ വക്കേറ്റ് ചെയ്യാനും നടപടിയുണ്ടായില്ല. ബി.ടി.ആറില്‍ കരഭൂമിയായി തെറ്റായി കാണിച്ചെങ്കിലും ഇതു മണ്ണിടാന്‍ ജിയോളജി വകുപ്പില്‍നിന്ന് അനുമതി ലഭിച്ചിട്ടുമില്ല. കഴിഞ്ഞ പ്രളയകാലത്ത് ഊട്ടി-കാലിക്കറ്റ് റോഡില്‍ നാലു തവണ വെള്ളം കയറിയിരുന്നു. ചന്തക്കുന്ന് പെട്രോള്‍ ബങ്കിനു പിന്നില്‍ മണ്ണ് നിരത്തല്‍ തകൃതിയായി തുടരുകയാണ്. പാടം മണ്ണിട്ട് നികത്തുന്നതിനെതിരേ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."