അണ്ടോള്‍ പാടശേഖര സമിതിയുടെ ടില്ലറുകള്‍ തുരുമ്പെടുത്തു നശിക്കുന്നു
കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ അണ്ടോള്‍ പാടശേഖര സമിതിയുടെ ടില്ലറുകള്‍ തുരുമ്പെടുത്തു നശിക്കുന്നു. നിലമുഴാന്‍ യന്ത്രമില്ലാത്തതിനാല്‍ 25 ഹെക്ടറോളം വയല്‍ തരിശായി കിടക്കുകയാണ്. അണ്ടോള്‍, പുലിയന്നൂര്‍, വേളൂര്‍ പ്രദേശങ്ങളടങ്ങിയതാണ് അണ്ടോള്‍ പാടശേഖര സമിതി.
രണ്ടു ടില്ലറുകളാണു ഇവര്‍ക്കു കൃഷിഭവന് മുഖേന ലഭിച്ചത്. ഇതില്‍ ഒന്ന് അണ്ടോളിലും മറ്റൊന്നു പുലിയന്നൂരിലുമാണു തുരുമ്പെടുത്തു നശിക്കുന്നത്. യന്ത്രത്തിനു തകരാര്‍ വന്നപ്പോള്‍ യഥാസമയം കേടുപാടു തീര്ക്കാതിരുന്നതാണു യന്ത്രം തുരുമ്പെടുക്കാന്‍ കാരണം. പഞ്ചായത്തില്‍ നിന്നു മെയിന്റനന്‍സ് ഗ്രാന്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. രണ്ടു വര്‍ഷം മുന്‍പു വരെ യന്ത്രം വാടകയ്ക്കെടുത്തു കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. പമ്പ് ഹൗസ്, മോട്ടോര്‍, മെതിയന്ത്രം എന്നിവയും സമിതിയുടെ കീഴിലുണ്ട്. മോട്ടോറും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
അതേസമയം, പത്തു വര്‍ഷത്തിലധികമായി സമിതിയുടെ രജിസ്ട്രേഷന് നഷ്ടപ്പെട്ടിട്ട്. മൂന്നു മാസം മുന്‍പ് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ രജിസ്ട്രേഷന് പുതുക്കാന്‍ 5000 രൂപ ചെലവു വരുമെന്നതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല. ഇത്രയും തുക അടക്കാന്‍ സമിതിക്കു കഴിയാത്തതാണു കാരണം. രജിസ്ട്രേഷന് ഇല്ലാത്തതു കൊണ്ടു തന്നെ കൃഷിഭവനില്‍ നിന്നു ലഭിക്കുന്ന ആനൂകൂല്യങ്ങളും കിട്ടാതായി.
പാടശേഖരസമിതിയുടെ രജിസ്ട്രേഷന് പുതുക്കി കൃഷി പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണു സമിതി അംഗങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."