കുഞ്ഞു കാര്യങ്ങളിലെ വലിയ സന്ദേശങ്ങള്‍
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
'എപ്പോഴും നന്മ ചെയ്യുക, തിന്മയെ എതിര്‍ത്തുതോല്‍പ്പിക്കുക. അതാവണം പ്രാര്‍ഥന. ആര്‍ഭാടം പ്രാര്‍ഥനയുടെ ഭാഗമല്ല.'
രാജന്‍ കരുവാരകുണ്ടിന്റെ പുതിയ പുസ്തകമായ 'അനാമി'യിലെ പോക്കര്ക്ക എന്ന കഥാപാത്രം മാളുവിനെ ഓര്‍മിപ്പിക്കുന്ന വരികളാണിത്. ഇരുന്നൂറു പേജുകളിലേക്കെങ്കിലും നീട്ടിവലിച്ച് എഴുതാമായിരുന്ന ഒരു സൃഷ്ടിയെ കൃതഹസ്തമായ എഴുത്തിന്റെ കൈയടക്കത്തോടെ 70 പേജുകളില്‍ ഒതുക്കി മനോഹരമായ സൃഷ്ടിയാക്കി മാറ്റിയ ഈ നോവലിന്റെ മൊത്തം സന്ദേശം കൂടിയാണ് ഇതിലെ വയോധിക കഥാപാത്രം പോക്കര്ക്കയിലൂടെയും മാളു, അനാമി, റഷീദ്, താത്ത, ഉസ്മാന്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ഒക്കെയടങ്ങുന്ന കഥാപാത്രങ്ങളിലൂടെയും രാജന്‍ വായനക്കാര്‍ക്കു നല്‍കുന്ന മികച്ച വായനാ സന്ദേശം.
ദാരിദ്ര്യവും ഒറ്റപ്പെടലും, വര്‍ത്തമാനകാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളുമൊക്കെയാണ് അനാമി എന്ന ഈ കൊച്ചു നോവലിലൂടെ ആവിഷ്‌കൃതമാവുന്നത്. എന്നാല്‍, ഒരു അധ്യാപകന്‍ കൂടിയായ രാജന്‍ കരുവാരകുണ്ടെന്ന കഥാകൃത്ത് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന കൊടിയ ചൂഷണങ്ങളെ തുറന്നുകാട്ടുന്നതോടൊപ്പം പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നുണ്ട് നോവലില്‍. ഏറനാടന്‍ ജീവിതപശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ഇതള്‍വിരിയുന്ന ജീവിതപരിസരങ്ങള്‍ക്കു പഴയ കാലത്തെയും പുതിയ കാലത്തെയും അടയാളപ്പെടുത്തുകയെന്ന ദൗത്യം കൂടി നിര്‍വഹിക്കുന്നു.
'കുഞ്ഞയമൂന്റെ ചായപ്പീടിക നാട്ടില്‍ പേരുകേട്ടതാണ്. അച്ഛനും അമ്മയും അല്ലാത്തതൊക്കെ അവിടെ കിട്ടുമെന്നാ വിലാസിനീടമ്മ പറഞ്ഞത്.'
ഈ പ്രയോഗം കേരളത്തിന്റെ ഗ്രാമങ്ങള്‍ നഗരങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്തുന്നു. പോക്കര്ക്കയുടെ കെട്ടിയോളായിരുന്ന കുഞ്ഞാമിന മരണാസന്നയായിരുന്ന സമയത്ത് പോക്കര്കാക്ക് സമ്മാനിച്ച സില്‍ക്കില്‍ പൊതിഞ്ഞുവച്ച ഒരു 'മാങ്ങാമാല'യുണ്ട്. ആര്‍ക്കും കൊടുക്കരുത്, എന്റെ ഓര്‍മയ്ക്കായി സൂക്ഷിക്കണമെന്നു കുഞ്ഞാമിന പ്രത്യേകം പറഞ്ഞേല്‍പ്പിച്ച ആ മാലയാണു ദിവ്യപ്രണയത്തിന്റെ പ്രതീകമായി ഈ നോവലില്‍ വരുന്നത്. അതേ മാലയെ കുറിച്ചാണ് സുലൈഖയെ മുറിയിലേക്കു വിളിച്ച് പോക്കര്ക്ക പറയുന്നത്: 'ഇത് അനാമിയുടെ കല്യാണത്തിന് കഴുത്തില്‍ ഇടീക്കണം. പഴഞ്ചനെന്ന് ആരു പറഞ്ഞാലും മാറ്റരുത്. നീ സൂക്ഷിച്ചു വെക്കണം.'
തന്റെ പ്രിയതമ കുഞ്ഞാമിന സമ്മാനിച്ച ഈ പ്രണയോപഹാരം പോക്കര്ക്ക തന്റെ കാലശേഷവും താജ് മഹലിന്റെ പ്രൗഢിയോടെ തിളങ്ങി വിളങ്ങി നില്‍ക്കാന്‍, ചെറുമകള്‍ അനാമിയുടെ കഴുത്തില്‍ അതു പ്രണയത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും അനശ്വര പ്രതീകമാവട്ടെ എന്നു ചിന്തിക്കുന്നിടത്ത് നോവലിലെ ഉജ്ജ്വല മുഹൂര്‍ത്തം വായനക്കാരില്‍ അനുഭൂതിദായകത്വം നിറക്കുന്നു.
കണ്ടും കേട്ടും അനുഭവിച്ചതുമായ ചുറ്റുവട്ടത്തിന്റെ ഇത്തിരി പോന്ന ഒരു ലോകത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍നിന്നു നന്മയുടെയും സ്‌നേഹാധിക്യത്തിന്റെയും വിരഹത്തിന്റെയും പുനഃസമാഗമത്തിന്റെയുമൊക്കെ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു കഥാവിഷ്‌ക്കാരം നല്‍കുമ്പോള്‍ 'അനാമി' കാലം നല്‍കുന്ന സന്ദേശങ്ങളാല്‍ സമ്പന്നമാവുന്നു. മാളുവിന് ഉസ്മാനെന്ന കെട്ടിയോനില്‍നിന്ന് അനുഭവിക്കേണ്ടി വരുന്ന ദുരന്താനുഭവങ്ങളും ഉസ്മാനില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന വികലതയും മാലിന്യങ്ങളും ചേര്‍ന്ന സ്വാര്‍ഥമോഹങ്ങളുമൊക്കെ പഴയ കാലത്തിനും പുതിയ കാലത്തിനും ഒരുപോലെ ബാധകമാവുന്ന ജീവിതയാഥാര്‍ഥ്യങ്ങളാവുമ്പോള്‍ 'അനാമി' കാലത്തെ എന്നതിലുപരി കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാന്‍ പറ്റുന്ന നോവലായി മാറുന്നു.
അനാമിയും റഷീദും അടങ്ങുന്ന കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വ്യഥകള്‍ സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്താന്‍ പാകത്തില്‍ നോവലില്‍ ആവിഷ്‌കൃതമാവുന്നു. പ്രവാസത്തിന്റെ നിസഹായതയെ പ്രതിഫലിപ്പിക്കുന്ന അബു, സ്ത്രീത്വത്തെ വേട്ടക്കണ്ണുകളോടെ കാണുന്ന സ്വാര്‍ഥതയുടെ പര്യായമായ ഉസ്മാന്‍, ഇതരസംസ്ഥാന തൊഴിലാളികളുണ്ടാക്കുന്ന നിര്‍മാണവും സംഹാരവും തുടങ്ങി എല്ലാം ഒരു ചെറിയ നോവലില്‍ ഒതുക്കിപ്പറയുന്ന വലിയ കഥകളുടെ ആവിഷ്‌കാരശൈലി വായനയെ ഹൃദ്യമാക്കുന്നു എന്നിടത്താണ് 'അനാമി' എന്ന നോവല്‍ വേറിട്ടതാകുന്നത്. സന്തോഷകരമായ ഒരു പരിസമാപ്തിയെക്കാള്‍ മലയാളിയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ദുരന്തങ്ങളിലേക്ക് ടോര്‍ച്ച് തെളിക്കുന്നതോടെ ഈ നോവല്‍ വായനക്കാരന്റെ ചിന്തകള്‍ക്കു തീപിടിപ്പിക്കുമെന്നു തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."