അക്രമാസക്തനായ പോത്തിനെ വെടിവച്ച് കൊന്നു
കാഞ്ഞങ്ങാട്: അക്രമാസക്തനായി വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം നീലേശ്വരത്തെ പാലായിയിലും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ പൊലിസ് നിര്‍ദേശപ്രകാരം പോത്തിനെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബങ്കളത്തെ അസീസിന്റെ ആവശ്യാര്‍ഥം മിനിലോറിയില്‍ ഒരു കൂട്ടം പോത്തുകളെ അറുക്കാന്‍ കൊണ്ടുവരികയായിരുന്നു. ബങ്കളത്തെത്തി മിനി ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പോത്തുകളില്‍ രണ്ടെണ്ണം വിരണ്ടോടുകയായിരുന്നു. ഒന്നിനെ രാത്രി തന്നെ ബങ്കളത്തുനിന്നു കണ്ടുകിട്ടിയിരുന്നു.
രണ്ടാമത്തെതിനെ അന്വേഷിക്കുന്നതിനിടയില്‍ പോത്ത് പാലായി ഭാഗത്തുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഉത്സവം നടക്കുന്ന പാലായിയിലെ അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ അന്നദാനമൊരുക്കി രാവിലെ ബൈക്കില്‍ മടങ്ങുകയായിരുന്ന ചെറുപ്പക്കാരെ പോത്ത് അക്രമിച്ചുവെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ അലഞ്ഞു നടക്കുന്ന പോത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അസീസിന്റെ ബന്ധു ബങ്കളത്തെ റിയാസിനെയും പോത്ത് കുത്തി മലര്‍ത്തി.
പോത്തിന്റെ ഓട്ടത്തിനിടയില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. ഗണപതിയാര്‍ ക്ഷേത്രത്തിനു മുന്നിലും പരിസരത്തും പോത്തിനെ ചിലര്‍ കണ്ടിരുന്നു.
ആരെയും അടുക്കാന്‍ അനുവദിക്കാതെ എല്ലാവരെയും കുത്തിമലര്‍ത്തിയതോടെ നാട്ടുകാര്‍ നീലേശ്വരം പൊലിസിനെ വിവരമറിയിച്ചു.
പൊലിസ് അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. ഇരു കൂട്ടരും ചേര്‍ന്ന് പോത്തിനെ മെരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതല്‍ അക്രമം കാട്ടിത്തുടങ്ങിയതോടെ പോത്തിനെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചു. എന്നാല്‍ കണ്ണില്‍ കണ്ടവരെയാക്കെ പോത്ത് അക്രമിച്ചതോടെ മയക്കുവെടി സംഘം എത്താന്‍ കാത്തുനില്‍ക്കാതെ പൊലിസ് പോത്തിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
പോത്ത് വിരണ്ടോടിയതറിഞ്ഞ് രാവിലെ മുതല്‍ ബങ്കളം, മുതല്‍ പാലായി വരെയുള്ള നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ പോത്തിനെ വെടിവച്ചിട്ടതോടെയാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന പിരിമുറുക്കം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."