അര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ പിന്നാക്ക വിഭാഗങ്ങള്‍
#എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: മുന്നാക്ക സംവരണ ചര്‍ച്ചക്കിടയിലും അര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍. ഭരണഘടനാ ഭേദഗതികളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ നിയമാനുസൃതം ലഭിക്കേണ്ട വിദ്യാഭ്യാസരംഗത്തെ പിന്നാക്ക സംവരണമാണ് സംസ്ഥാനത്ത് ഇനിയും പൂര്‍ണമായും നടപ്പാകാത്തത്. പട്ടികജാതി, പട്ടിക വിഭാഗങ്ങള്‍ക്ക് നിലവില്‍ 10 ശതമാനം സംവരണമുണ്ട്. പട്ടിക വിഭാഗക്കാരൊഴികെയുള്ള പിന്നാക്കക്കാര്‍ക്ക് 30 ശതമാനമാണ് സംവരണം. ഭരണഘടനയുടെ 15(4)അനുഛേദപ്രകാരം പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രം നിലവില്‍ തന്നെ 40 ശതമാനം സംവരണത്തിന് അര്‍ഹതയുള്ളപ്പോഴാണ് ഈ ആനുകൂല്യം ലഭിക്കാതിരിക്കുന്നത്. ഒന്‍പത് മുതല്‍ 30 ശതമാനം വരെയാണ് വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനായി പിന്നാക്കക്കാര്‍ക്ക് സംവരണം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പല മേഖലകളിലും സംവരണത്തിന് അര്‍ഹരായ പിന്നാക്കക്കാര്‍ പിന്തള്ളപ്പെടുന്നുണ്ട്.
വി.എച്ച്.എസ്.ഇ, പ്രൊഫഷനല്‍, ടെക്‌നിക്കല്‍ മേഖലകളില്‍ മാത്രമാണ് നിലവില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 30 ശതമാനം സംവരണം ലഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 28 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമുള്ള കേരളത്തില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ 20 ശതമാനമാണ് ലഭിക്കുന്നത്. മെഡിക്കല്‍ പി.ജി, ഡെന്റല്‍ പി.ജി വിഭാഗങ്ങളിലാവട്ടെ വെറും ഒന്‍പത് ശതമാനമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണം.
ജനസംഖ്യാനുപാതികമായി കേരളത്തിലെ ഏറ്റവും വലിയ പിന്നാക്ക വിഭാഗമായ മുസ്‌ലിംകള്‍ക്ക് ആകെ ജനസംഖ്യയുടെ പകുതി എന്ന നിലയ്ക്ക് 14 ശതമാനം വിദ്യാഭ്യാസ സംവരണത്തിന് അര്‍ഹതയുണ്ട്. വി.എച്ച്.സ്.ഇ(8), ഹയര്‍ സെക്കന്‍ഡറി(7), പ്രൊഫഷനല്‍- ടെക്‌നിക്കല്‍(8), മെഡിക്കല്‍(2) എന്നിങ്ങനെയാണ് നിലവിലെ മുസ്‌ലിം വിദ്യാഭ്യാസ സംവരണം. ജനസംഖ്യാനുപാതികമായി ഈഴവ വിഭാഗങ്ങള്‍ക്ക് 12 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ട്. രണ്ട് ശതമാനം സംവരണത്തിന് അര്‍ഹതയുള്ള ഒ.ബി.എക്‌സ് വിഭാഗത്തിനും അര്‍ഹമായ സംവരണം ലഭിക്കുന്നില്ല. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഡിഗ്രി-പിജി കോഴ്‌സുകള്‍ക്കും പ്രൊഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിക്കും വ്യത്യസ്ത നിരക്കില്‍ പിന്നാക്ക വിഭാഗ(എസ്.ഇ.ബി.സി)സംവരണം അനുവദിക്കുന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍ തന്നെ രംഗത്തുവന്നിരുന്നു.
മുന്നാക്ക സാമ്പത്തിക സംവരണം വരുന്നതോടെ പിന്നാക്ക വിഭാഗങ്ങളുടെ ജനറല്‍ സാധ്യതകള്‍ കുറയും. സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം സ്വാശ്രയ, എയ്ഡഡ് സ്ഥാപനങ്ങള്‍ വേണ്ടത്ര അനുവദിക്കാത്തതിനാല്‍ ഇതുവഴിയുള്ള കമ്മ്യൂണിറ്റി ക്വാട്ടകളും ഇല്ലാതാകുന്നതോടെ മറ്റുപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യം വീണ്ടും കുറയുമെന്നും ആശങ്കയുണ്ട്.
പട്ടിക വിഭാഗങ്ങള്‍ക്ക് പത്ത്ശതമാനം ഉള്‍പ്പെടെ 15(4)അനുഛേദ പ്രകാരം 50 ശതമാനം സംവരണം നല്‍കേണ്ട സംസ്ഥാനത്ത് നിലവില്‍ ഇത് 40 ശതമാനം വരെ മാത്രമാണ് ലഭിക്കുന്നത്. പത്ത് ശതമാനം മുന്നാക്ക സംവരണത്തോടൊപ്പം 50 ശതമാനം പട്ടിക-പിന്നാക്ക വിഭാഗ സംവരണവും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."