ബിഹാറില്‍ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് നിതീഷ് കുമാര്‍
പട്‌ന: ബിഹാറില്‍ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍ 2010ല്‍ തയ്യാറാക്കിയതു പോലെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിന്റെ പുതിയ നടപടിക്രമങ്ങളില്‍ നിന്ന് മാതാപിതാക്കളുടെ ജനനസ്ഥലം, ആധാര്‍ കാര്‍ഡ് തുടങ്ങി അനാവശ്യവും ആശങ്ക സൃഷ്ടിക്കുന്നതുമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും നിതീഷ് കുമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് രണ്ടാം തവണയാണ് പൗരത്വ പട്ടികയെ പ്രത്യക്ഷമായി തള്ളി നിതീഷ് കുമാര്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ ഡിസംബറിലും സമാന പ്രതികരണവുമായി എന്‍.ഡി.എ സഖ്യകക്ഷി നേതാവ് കൂടിയായ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി ഭരണത്തിലേറിയത്. ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തെ നയിക്കാന്‍ പോകുന്നത് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പൗരത്വ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചതടക്കമുള്ള വിഷയങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിനെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."