കലാപങ്ങളുടെ കനല്‍പഥങ്ങളില്‍ ആരെയും കാത്തു നില്‍ക്കാത്ത അഹമ്മദ്
ചന്ദ്രിക ഇ. അഹമ്മദ് സ്മരണികയില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം അബ്ബാസ് എഴുതിയത്
ഗുജറാത്ത് കലാപം കത്തി നില്‍ക്കുന്ന വേളയില്‍ ഇ. അഹമ്മദ് സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിനല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കണ്ടു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗുജറാത്ത് യാത്രയ്ക്കുള്ള അഹമ്മദിന്റെ ആവശ്യം തള്ളി. അഹമ്മദാബാദിലെത്തിയ എം.പിമാരുടെ സംഘത്തെ സന്ദര്‍ശനത്തിന് അനുവദിച്ചില്ലെന്നും അതുകൊണ്ടു തന്നെ അഹമ്മദിന് കര്‍ഫ്യൂ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാകില്ല എന്നുമായിരുന്നു നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബി.ജെ.പി സര്‍ക്കാറിന്റെ നിലപാട്.
ഗുജറാത്തിലേക്കുള്ള യാത്ര കേന്ദ്രം നിഷേധിച്ചതില്‍ അഹമ്മദ് ഖിന്നനായിരുന്നു. എന്നാല്‍ തോറ്റു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല അദ്ദേഹം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന എല്‍.കെ അദ്വാനിയെ ചെന്നുകണ്ടു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മെന്ററായിരുന്നു അദ്വാനി. അദ്വാനി ആഭ്യന്തര സെക്രട്ടറി കമാല്‍ പാണ്ഡെയുമായി വിഷയം ചര്‍ച്ച ചെയ്തു. അഹമ്മദിന്റെ സമ്മര്‍ദത്തിനു മുമ്പില്‍ അദ്വാനിക്ക് കീഴടങ്ങേണ്ടി വന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നരേന്ദ്രമോദിക്ക് ഫോണെത്തി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമൊയിരുന്നു നിര്‍ദേശം. എന്നാല്‍ മോദി തൃപ്തനായിരുന്നില്ല.
അന്ന് രാത്രി തന്നെ അഹമ്മദ് ഗുജറാത്തിലേക്ക് വിമാനം കയറി. അഹമ്മദാബാദില്‍ എത്തുമ്പോള്‍ രാത്രി ഒമ്പതു മണി. വിമാനത്താവളത്തില്‍ നിന്ന് ഷാഹിബാഗിലെ സര്‍ക്യൂട്ട് ഹൗസിലേക്ക്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ.എം റാത്തോറും ഇന്‍സ്‌പെക്ടര്‍ കെ.കെ ചൗളയും അടക്കമുള്ളവര്‍ സര്‍ക്യൂട്ട് ഹൗസിലെത്തി.
പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തനിക്ക് ഇപ്പോള്‍ തന്നെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടു. സുരക്ഷാകാരണങ്ങളാല്‍ യാത്ര നാളെ പകലിലേക്ക് മാറ്റിവെക്കണമെന്ന് പൊലീസുകാര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. സുരക്ഷ ഒരുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. ഷാഹിബാഗ്, ദേവ്ജിപുര മുനിസിപ്പല്‍ സ്‌കൂള്‍, ഷാ ആലം ദര്‍ഗ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഹമ്മദ് അര്‍ദ്ധരാത്രി ആശ്വാസത്തിന്റെ ദൂതുമായി കടന്നു ചെന്നു.
ആ കാളരാത്രിയിലേക്കുള്ള അഹമ്മദിന്റെ വരവിനെ നാല്‍പ്പതു വര്‍ഷമായി അഹമ്മദാബാദില്‍ ഹോട്ടല്‍ നടത്തുന്ന മലപ്പുറത്തുകാരന്‍ മുല്ലാജാന്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ;
'അഹമ്മദ് സാഹിബ് വരുന്നുണ്ടെന്ന്് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് എങ്ങനെ അദ്ദേഹം എത്തും എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. അത്രയ്ക്ക് ഭീതിതമായിരുന്നു അവിടത്തെ കാര്യങ്ങള്‍. സര്‍ക്കീട്ട് ഹൗസില്‍ വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. കാര്യങ്ങള്‍ ധരിപ്പിച്ചു. എന്തൊരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹമാണ് ആദ്യമായി കലാപത്തിലെ ഇരകളെ കാണാനെത്തുന്ന നേതാവ്. പാര്‍ലമെന്റില്‍ ബാക്കി എത്ര മുസ്്‌ലിം എം.പിമാരുണ്ട്. ആരും വന്നില്ല. സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തുന്നതിന്റെ മുമ്പായിരുന്നു അദ്ദേഹത്തിന്റെ സ്ന്ദര്‍ശനമെന്ന് ഓര്‍ക്കണം. ഇങ്ങനെ അഹമ്മദ് സാഹിബിന് മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ മുസ്്്‌ലിംകള്‍ക്കു തന്നെ തീരാനഷ്ടമാണ്' ഓള്‍ഡ് അഹമ്മദാബാദിലെ തന്റെ ഹോട്ടലില്‍ അദ്ദേഹം മനസ്സുതുറന്നു. കലാപത്തിലെ ഒരിരയാണ് മുല്ലാജാനും. കലാപവേളയില്‍ അദ്ദേഹത്തിന്റെ വീടും അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇതര മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തായിരുന്നു ആ വീട്. അതുകൊണ്ട് അവര്‍ തീയിട്ടില്ല ഭീതിതമായ ആ ഓര്‍മകളിലൂടെ അദ്ദേഹം സഞ്ചരിച്ചു.
അന്ന് അഹമ്മദാബാദ് കേരള സമാജം സെക്രട്ടറിയായിരുന്ന മോഹനക്കുറുപ്പിനും അഹമ്മദിന്റെ ആ വരവിനെ കുറിച്ച് പറയാനേറെ;
'കലാപശേഷം ഈ നഗരത്തില്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് അദ്ദേഹമാണ്. അഹമ്മദാബാദ് കേരള സമാജവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചു. മലയാളികളുടെ കാര്യങ്ങള്‍ ഓള്‍ഡ് അഹമ്മദാബാദിലുള്ള മുല്ലാജിയുമായും ശാസ്താംകോട്ടയ്ക്കാരനായ ജോയ്ക്കുട്ടിയുമായും ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം അന്വേഷിച്ചിരുന്നു. അഹമ്മദ് സാഹിബ് ഇവിടെയെത്തിയപ്പോള്‍ സി.വി നായരുടെ കാറിലാണ് ഞങ്ങള്‍ അദ്ദേഹത്തെ സര്‍ക്കീട്ട് ഹൗസില്‍ പോയി കണ്ടത്. എല്ലായിടത്തും കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയാളി കൂടിയായ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ സാറിന്റെ കത്തു വാങ്ങി പൊലീസ് കമ്മീഷണറുടെ പക്കല്‍ നിന്ന് ഞങ്ങള്‍ കര്‍ഫ്യൂ പാസ് സംഘടിപ്പിച്ചിരുന്നു. അതുമായി പലയിടത്തും സഞ്ചരിക്കാന്‍ പറ്റി. ഈ സാഹചര്യത്തില്‍ തനിക്കൊപ്പം വരേണ്ടെന്ന് അഹമ്മദ് സാഹിബ് തന്നെ തങ്ങളോട് പറയുകയായിരുന്നു. അത്രയ്ക്ക് സംഘര്‍ഷ ഭരിതമായിരുന്നു സ്ഥിതിഗതികള്‍'.
അഹമ്മദാബാദില്‍ നിന്ന് തിരിച്ചുവരവെ, അഹമ്മദ് മുഖ്യമന്ത്രി മോദിയെ കണ്ടു.
കലാപത്തിന് ഇരയായവരുടെ ദയനീയ സ്ഥിതി അഹമ്മദ് മുഖ്യമന്ത്രിക്കു മുമ്പില്‍ വിവരിച്ചു. നിര്‍വ്വികാരനായി മോദി അതു കേട്ടു. ഇരകള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നില്ലെന്ന് അഹമ്മദ് പരാതിപ്പെട്ടു. ഈ വേളയില്‍ എന്റെ ചോറും ആട്ടയും വെണ്ണയും അവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നായിരുന്നു മോദിയുടെ മറുപടി. സിവില്‍ ആസ്പത്രിയില്‍ കണ്ട അനാഥ മൃതദേഹങ്ങളുടെ വിഷയം അഹമ്മദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'ഇതെല്ലാം മുസ്്‌ലിംകളുടെ മൃതദേഹമാണ് എന്നു കരുതുന്നുണ്ടോ' എന്നായിരുന്നു മോദിയുടെ മറുചോദ്യം. 'ഹിന്ദുക്കളെക്കുറിച്ചോ മുസ്്‌ലിംകളെ കുറിച്ചോ അല്ല ഞാന്‍ പറയുത്. മൃതദേഹങ്ങളെ കുറിച്ചാണ്' എന്ന് മോദിയുടെ മുഖത്തു നോക്കി അഹമ്മദ് തിരിച്ചടിക്കുകയും ചെയ്തു.
ആ അഹമ്മദിനെ, നമ്മുടെ ഇ. അഹമ്മദിനെ വല്ലാതെ മിസ് ചെയ്യുന്നു ഈ സമുദായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."