കനത്ത വേനല്‍; ക്ഷീരമേഖലയും പ്രതിസന്ധിയില്‍
കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊടും വരള്‍ച്ചയില്‍ ക്ഷീര വ്യവസായ മേഖലയും പാടേ തകര്‍ന്നു. ജില്ലയിലെ ക്ഷീര കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്നു. ക്ഷീര വകുപ്പില്‍ നിന്നും കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ ഉണ്ടാവാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാല്‍വില നിലവില്‍ വര്‍ധിച്ചത് ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നിനും പറ്റാത്ത നിലയിലായത് കൊണ്ടുതന്നെ നിലവിലുള്ള കര്‍ഷകരും ക്ഷീരമേഖലയില്‍ നിന്ന് പടിയിറങ്ങുകയാണ്. ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ വട്ടം കറങ്ങുന്നു. പ്രാഥമിക ക്ഷീര സംഘങ്ങള്‍ കൈയ്യൊഴിയുകയും ചെറുകിട ഡയറി ഫാമുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരിക്കുകയാണ്.
കടുത്ത ചൂടില്‍ പാല്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കര്‍ഷകരുടെ പാല്‍ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്ന് മില്‍മയും സമ്മതിക്കുന്നു. വൈക്കോല്‍ കിട്ടാനില്ലാത്തതും തീറ്റപ്പുല്ലിന്റെ അഭാവവും കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വെള്ളം ഇല്ലെന്നതാണ് ഇന്ന് ക്ഷീര മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഉള്ള വെള്ളത്തിനു പോലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇനി മൂന്നു മാസക്കാലം ക്ഷീരമേഖലയില്‍ നിന്നും കര്‍ഷകര്‍ പിന്‍വലിയും. പാല്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവ് നികത്താനാവാതെ മില്‍മയും നെട്ടോട്ടമോടുന്നു. ഇതിനായി അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രാഥമിക ക്ഷീരസംഘങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും പാല്‍ സംഭരിക്കാന്‍ രഹസ്യ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 40 ഓളം സംഘങ്ങള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നതായാണ് സൂചന. ദിനംപ്രതി 10,000 ലിറ്റര്‍ വരെ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇരുചക്ര വാഹനങ്ങളിലാണ് അതിര്‍ത്തി കടന്ന് പാല്‍ എത്തുന്നത്.
പാലിന്റെ വില വര്‍ധനവ് ഏറെ ഗുണം ചെയ്തത് ഇവര്‍ക്കാണ്. മായം കലര്‍ന്ന പാലും എത്തുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ തന്നെ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ജില്ലയാണ് പാലക്കാട്. ഇവിടെ അധികം വരുന്ന പാലും വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കടുത്ത ക്ഷാമമാണ് പാല്‍ സംഭരണത്തില്‍ ഇപ്പോള്‍ നേരിടുന്നത്. ഇത് മറികടക്കാനാണ് തമിഴ്‌നാട്ടില്‍ നിന്നും പാല്‍ സംഭരിക്കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് രഹസ്യാനുമതി നല്‍കിയിരിക്കുന്നത്. ഇതുപോലെ തന്നെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള ക്ഷീരസംഘങ്ങള്‍ വലിയ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രാദേശിക വില്‍പ്പനയ്ക്ക് പോലും ഇപ്പോള്‍ പാല്‍ തികയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മില്‍മയ്ക്ക് നല്‍കുന്ന പാല്‍ അളക്കാന്‍ കഴിയാത്ത് നിലയിലാണ് മിക്ക സംഘങ്ങളും. 60 ശതമാനം വരെ പാല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ക്ഷീരവകുപ്പും സമ്മതിക്കുന്നു. ചിറ്റൂര്‍ ബ്ലോക്കാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പുക്കുന്ന ബ്ലോക്ക്. വരും ദിവസങ്ങളില്‍ പാല്‍ ഉല്‍പ്പാദനം വീണ്ടും താഴോട്ട് പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിര്‍ത്തി ക്ഷീരസംഘങ്ങളില്‍ പരിശോധന തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതുമൂലം മായം കലര്‍ന്ന പാല്‍ വ്യാപകമായി കടത്തുന്നതിനുള്ള വഴിയും തുറന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."