ശിശുക്ഷേമ സമിതികള്‍ 'മാലിന്യ'മുക്തമാക്കണം
ഒരാള്‍ സര്‍വവും നേടിയിട്ടും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ടെന്തു ഫലം എന്ന ബൈബിള്‍ വാക്യത്തിന്റെ പൊരുള്‍ മനസ്സിലാക്കാതെ ദുഷ്ടതപ്രവര്‍ത്തിക്കുന്നവര്‍ ആത്മാവില്‍ കുഷ്ഠംബാധിച്ചവരത്രേ. ശിശുക്ഷേമസമിതിയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ ബാലികാപീഡനത്തിനു കൂട്ടുനില്‍ക്കുമ്പോള്‍ അവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സമൂഹത്തിലെ മാലിന്യങ്ങളാണവര്‍. മാലിന്യം യഥാവിധി സംസ്‌കരിക്കാനാവില്ലെങ്കില്‍ പുറംതള്ളുകയാണു വേണ്ടത്.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കഞ്ചേരിക്കു സഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഡി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. ഫാദര്‍ തോമസ് ജോസഫ് തേരക, കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവര്‍ ഒളിവിലാണെന്നാണു പൊലിസ് പറയുന്നത്. ഫാദര്‍ തോമസ് ജോസഫിനെ മാനന്തവാടി രൂപതയുടെ വക്താവു സ്ഥാനത്തുനിന്നു മാറ്റിയെന്നാണ് ഒരു വാര്‍ത്ത.
അതുകൊണ്ടുമാത്രം അദ്ദേഹത്തിലെ കളങ്കം ഇല്ലാതാവുമോ. ഇവര്‍ക്കെതിരേ ഇപ്പോഴും പൊലിസും ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടില്ല. ജോസഫ് തേരകയെ പള്ളിവികാരി സ്ഥാനത്തുനിന്നു രൂപത നീക്കം ചെയ്തിട്ടുമില്ല. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിഗണനകള്‍ ക്രിമിനലുകള്‍ക്കു നല്‍കരുതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി ആവശ്യപ്പെട്ടതു പീഡകരെ സംരക്ഷിക്കുന്നവര്‍ക്കും ഒളിവില്‍പോകാന്‍ സൗകര്യമൊരുക്കിയവര്‍ക്കും ബാധകമാണ്.
ശിശുക്കളുടെ സുരക്ഷിതത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിനുവേണ്ടിയാണു അര്‍ധജുഡീഷ്യല്‍ അധികാരമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തു വര്‍ഷങ്ങളായി തമ്പടിച്ചവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയാറായിട്ടില്ല. ഇവരുടെ അവിഹിതബന്ധങ്ങളെല്ലാം വൈദഗ്ധ്യത്തോടെ മൂടപ്പെടുന്നു. പരിപാവനമായിരിക്കേണ്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിപോലുള്ള സ്ഥാപനങ്ങളുടെ മര്‍മസ്ഥാനത്ത് ഏതു സര്‍ക്കാര്‍വന്നാലും ഇവര്‍ തുടരും. പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനു സഹായകമായ നിലപാടു സ്വീകരിക്കാനും പ്രശ്‌നമാകുമ്പോള്‍ അഭയകേസ് പോലെ പുകമറയ്ക്കുള്ളില്‍ സമര്‍ഥമായി ഒളിപ്പിക്കാനും അറിയാം.
കുട്ടിയോ കുട്ടിയുടെ അഭ്യുദയകാംക്ഷിയോ പീഡനങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ ഇരയാക്കപ്പെട്ടാല്‍ ഇടപെട്ടു നടപടിയെടുക്കാന്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇത്തരം സ്ഥാനത്തിരുന്നു പീഡകരെ സംരക്ഷിക്കുന്നവരെ നികൃഷ്ടജീവികളെപ്പോലെ ദൂരെ കളയുകയാണു വേണ്ടത്. അവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ചങ്കൂറ്റമാണു സര്‍ക്കാര്‍ കാണിക്കേണ്ടത്.
സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് ഇരകള്‍ക്കു നീതികിട്ടാതാകരുത്. പീഡകരും സഹായികളും രക്ഷപ്പെടാനുള്ള പഴുതുണ്ടാകയുമരുത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സ് എന്ന ഉത്തരവിറങ്ങിയതു ചില വെല്‍ഫെയര്‍ കമ്മിറ്റികള്‍ സഹര്‍ഷം സ്വാഗതം ചെയ്തതു പീഡകര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനായിരുന്നുവെന്നാണു കൊട്ടിയൂര്‍ സംഭവത്തില്‍ നിന്ന് ഊഹിക്കേണ്ടത്. അറയ്ക്കുന്ന നെറികേടുകള്‍ അരമനമേടകളില്‍ അരങ്ങേറുമ്പോള്‍ അതു ചെയ്യുന്നവരെയും സഹായിക്കുന്നവരെയും പുറത്തുകളയേണ്ട ആര്‍ജവം അള്‍ത്താരകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നവര്‍ക്കുണ്ടാകണം. ജില്ലാ ശിശുക്ഷേമ സമിതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും വര്‍ഷങ്ങളായി ഇത്തരം സ്ഥാപനങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നവരെക്കുറിച്ചും സര്‍ക്കാര്‍ അടിയന്തരമായ അന്വേഷണത്തിന് ഉത്തരവിടണം.
ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചു സമുദായതല്‍പരരായ ചില സാമൂഹികപ്രവര്‍ത്തകര്‍ മാസങ്ങള്‍ക്കുമുമ്പു കേരളത്തിലെ ഒരു യതീംഖാനയിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് അനാഥരും അഗതികളുമായ കുട്ടികളെ, അവര്‍ക്ക് ആഹാരവും സുരക്ഷിതത്വവും വിദ്യാഭ്യാസവും നല്‍കാനായി കൊണ്ടുവന്നപ്പോള്‍ കുട്ടിക്കടത്തെന്ന് ആക്ഷേപിച്ചു ചന്ദ്രഹാസമിളക്കി വാഴ്ത്തപ്പെട്ടവരാകാന്‍ മത്സരിച്ച ഉദ്യോഗസ്ഥപ്രഭൃതികള്‍ ഏതു മാളത്തിലാണ് ഇപ്പോഴുള്ളത്.
വിശക്കുന്നവന്റെ മുന്‍പില്‍ ദൈവംപോലും അപ്പമായിട്ടേ പ്രത്യക്ഷപ്പെടൂവെന്ന് ഉദ്‌ഘോഷിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വാസിക്കുന്നവര്‍ പാവം കുട്ടികളുടെ വിശപ്പില്‍ സാമുദായികനിറമാണു കണ്ടത്. അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ മുനീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ.എ എബ്രഹാം നിയമത്തിന്റെ നൂലാമാലകള്‍ നിരത്തി പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കുകയും ഒരു സമുദായത്തെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ഔത്സുക്യം കാണിക്കുകയും ചെയ്തപ്പോള്‍ ശിശുക്ഷേമ വെല്‍ഫെയര്‍ കമ്മിറ്റികളില്‍ നടമാടുന്ന നിയമലംഘനങ്ങള്‍ കാണാതെ പോയി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ ബലാത്സംഗത്തിനിരയാക്കിയവര്‍ക്കു സി.ഡബ്ല്യു.സി തലവന്‍ ഒത്താശചെയ്തുകൊടുത്തപ്പോഴും ചില ഉദ്യോഗസ്ഥ പ്രമുഖരുടെ സിരകളില്‍ ധാര്‍മികരോഷം തിളക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."