പെരിന്തല്‍മണ്ണയിലെ ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് 11ന് തറക്കല്ലിടും
മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയില്‍ 38.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് വൈദ്യുതി മന്ത്രി എം.എം മണി ഫെബ്രുവരി 11ന് തറക്കല്ലിടുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പ്രവൃത്തിയുടെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കാനും യോഗം തീരുമാനിച്ചു. പഴയ മാര്‍ക്കറ്റ് ഘട്ടം ഘട്ടമായി പൊളിച്ചാണ് നിര്‍മാണം. 2.78 ഏക്കറില്‍ മൂന്ന് നിലകളിലായി പച്ചക്കറി- മീന്‍ മാര്‍ക്കറ്റ്, ഷോപ്പിങ് കോംപ്ലക്‌സ്, മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സൗകര്യങ്ങളും 300 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
കരാറുകാര്‍ക്കുള്ള ലാഭത്തിന്റെ ഏഴര ശതമാനം കുറച്ചാണ് സൊസൈറ്റി നിര്‍മാണം ഏറ്റെടുക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ഇതിനായി ഹഡ്‌കോ 20 കോടി രൂപ വായ്പയും നല്‍കും. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നഗരത്തിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന് പദ്ധതി രേഖ തയാറാക്കുന്നതിന് അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ 400 ഓളം കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഇതിലേക്കുള്ള വെള്ളം, വൈദ്യുതി, റോഡ് എന്നീ പൊതു സൗകര്യങ്ങള്‍ നഗരസഭ നേരിട്ട് ഏറ്റെടുത്ത് ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഗവ. ആയുര്‍വേദ ആശുപത്രിക്ക് പഴയ ട്രെഞ്ചിങ് ഗ്രൗണ്ടില്‍ രണ്ട് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ധാരണാപത്രം നാഷനല്‍ ആയുഷ് മിഷനുമായി ഒപ്പുവയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 75 ലക്ഷം രൂപ ആയുഷ് മിഷന്‍ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷവും 75 ലക്ഷം അനുവദിക്കും. 50 ലക്ഷം നഗരസഭയും വഹിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."