ഏകീകൃത പൊതുജനാരോഗ്യ നയം: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം രൂപീകരിക്കാനായില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് ഏകീകൃത പൊതുജനാരോഗ്യ നിയമം വേണമെന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരട് രൂപീകരിച്ചതിലെ പിഴവുകളും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലാത്തതും കാരണം കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. കരട് ബില്ല് തയാറാക്കിയെങ്കിലും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ആക്ടുകളും ഫുഡ് ആക്ടും തമ്മില്‍ പരസ്പരം വൈരുധ്യത്തിലാകുന്ന തരത്തിലാണെന്നതിനാല്‍ ഇത് പരിശോധിക്കാന്‍ തദ്ദേശ വകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തദ്ദേശ വകുപ്പ് തീരുമാനമെടുത്താലും ബില്ല് നിയമസഭയില്‍ വരുന്നത് ഇനിയും വൈകും.
1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും 1933ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചും ഇവയിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഒഴിവാക്കിയും ഒരു ഏകീകൃത നിയമം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത പൊതുജനാരോഗ്യ നിയമം തയാറാക്കുന്നതിന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരട് നിയമം രൂപീകരിക്കുന്നതിന് 2014 ഡിസംബറില്‍ ആദ്യമായി ഒരു ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി രൂപീകരിച്ച കരട് പരിശോധിച്ച നിയമ വകുപ്പ്, ഇതിലെ ഭാഗങ്ങള്‍ പൂര്‍ണമായും പഞ്ചായത്തീരാജ് ആക്ട്, മുന്‍സിപ്പാലിറ്റി ആക്ട്, ഫുഡ് സേഫ്റ്റി ആക്ട് എന്നിവയില്‍ നിലവിലുള്ളവയാണെന്ന് കണ്ടെത്തി.
അതുകൊണ്ടുതന്നെ ഇത്തരത്തില്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്ന നിര്‍ദേശവും നിയമവകുപ്പ് മുന്നോട്ടുവച്ചു. സമഗ്ര ആരോഗ്യ നിയമത്തിന്റെ കരട് രൂപീകരണം തന്നെ സമ്പൂര്‍ണ പരാജയമായി എന്നതാണ് ഇതിലൂടെ തെളിഞ്ഞത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്താനായില്ല. സമ്പൂര്‍ണ പരാജയമായ കരട് പൂര്‍ണമായി പൊളിച്ചെഴുതണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഫയല്‍ തദ്ദേശ സ്വയംഭരണ വകുപ്പിനയച്ചിരിക്കുന്നത്. കരട് തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിച്ചതിനു ശേഷം പുതിയത് തയാറാക്കണമെന്നാണ് നിര്‍ദേശിക്കുന്നതെങ്കില്‍ സംസ്ഥാനത്തിന് ഏകീകൃത പൊതുജനാരോഗ്യ നിയമം എന്ന ആശയം സാധ്യമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."