കല്ലേരി പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍; മാര്‍ച്ച് 31നകം പൂര്‍ത്തിയാകും
എടച്ചേരി: വടകര തണ്ണീര്‍ പന്തല്‍ റോഡില്‍ കല്ലേരി വടകര മാഹിക്കനാലിന് കുറുകെ പണിയുന്ന പാലത്തിന്റെ പണി അന്തിമഘട്ടത്തിലെത്തി. കനാല്‍ 35 മീറ്റര്‍ വീതിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലത്തിന്റെ പണി തുടങ്ങിയത്.
ഇരുഭാഗങ്ങളിലും കൈവരികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ഇതിനകം പൂര്‍ത്തിയായി. പാലത്തിന്റെ ഇരുഭാഗത്തുമായി പണി കഴിച്ച അപ്രോച്ച് റോഡിന്റെ പണിയും ഏതാണ്ട് പൂര്‍ത്തിയായി. മാര്‍ച്ച് 31നകം പാലത്തിന്റെ പണി അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ പാലത്തിന്റെ ഏതാനും കിലോമീറ്റര്‍ അകലെയുള്ള വില്യാപ്പള്ളി ആയഞ്ചേരി റൂട്ടിലെ പറമ്പില്‍ കനാല്‍ പാലത്തിന്റെ പണിയും പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ട് പാലത്തിന്റെയും ഉദ്ഘാടനം ഒരുമിച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ പാലത്തിന്റെയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെയുള്ള ജോലിയും പൂര്‍ത്തിയായിട്ടുണ്ട്.
അതിനിടെ കല്ലേരി പാലത്തിന്റെ അപ്രോച്ച് റോഡ് പണി നടക്കുന്നതിനാല്‍ കഴിഞ്ഞ 22 മുതല്‍ തണ്ണീര്‍ പന്തല്‍ വടകര റോട്ടില്‍ മുടങ്ങി കിടന്ന ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ ഉദ്ഘാടനത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച നിലവിലുള്ള പഴയ പാലം കനാല്‍ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റും. ഉപരിതല ഗതാഗത വകുപ്പിന് കീഴില്‍ പണിയുന്ന കല്ലേരി പാലം 8.5 കോടി രൂപ ചിലവഴിച്ചാണ് പണി പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."