മധ്യപ്രദേശ്: ബി.ജെ.പിക്കുള്ളിലും തമ്മിലടിയെന്ന് സൂചന അനിശ്ചിതത്വം ബാക്കി
ഭോപ്പാല്‍: പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയും 21 എം.എല്‍.എമാര്‍ രാജി പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും രാജിവയ്ക്കാതെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍. സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടിവരില്ലെന്നും കാലാവധി പൂര്‍ത്തിയാക്കുമെന്നുമുള്ള അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിനു പുറമേ, സിന്ധ്യയ്‌ക്കൊപ്പം ബി.ജെ.പിയില്‍ ചേരാനില്ലെന്നു രാജിവച്ച ചില എം.എല്‍.എമാര്‍ വ്യക്തമാക്കുകയും ചെയ്തതായാണ് വിവരം. ഇതോടെ, സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്നത്.
കോണ്‍ഗ്രസിന്റെ 19 എം.എല്‍.എമാരെ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. ഇവരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം. ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നടപടി ഇവരില്‍ 12 പേര്‍ അംഗീകരിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ പാര്‍ട്ടിയില്‍ തിരികെ പ്രവേശിക്കാനും രാജി പിന്‍വലിക്കാനും തയാറാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. രാജിവച്ച എം.എല്‍.എമാര്‍ തന്നെ കാണണമെന്നു മധ്യപ്രദേശ് നിയമസഭാ സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ കണ്ടതിനു ശേഷമേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ, സര്‍ക്കാരിനെ സുരക്ഷിതമാക്കാന്‍ ഡി.കെ ശിവകുമാറിനെയടക്കം ഇറക്കിയാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയറിയിച്ച് മാത്രമാണ് തങ്ങള്‍ ബംഗളൂരുവിലേക്ക് മാറിയതെന്നാണ് ചില എം.എല്‍.എമാര്‍ വ്യക്തമാക്കുന്നത്. എം.എല്‍.എമാരുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് ഇനിയും പ്രതീക്ഷയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ബി.ജെ.പി മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാ സീറ്റ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ രാജ്യസഭയിലെത്തിച്ച് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് വിവരം.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനം 15 മാസമായി കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. 116 എം.എല്‍.എമാരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. നിലവില്‍ രാജി പ്രഖ്യാപിച്ചവര്‍ പിന്‍മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും. എന്നാല്‍, തങ്ങളുടെ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന അവകാശവാദവുമായി ഇന്നലെയും മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, അധികാര വിഷയത്തില്‍ മധ്യപ്രദേശ് ബി.ജെ.പിയിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും മുതിര്‍ന്ന നേതാവ് നരോത്തം മിശ്രയുടെയും നേതൃത്വത്തില്‍ രണ്ടു ചേരിയായി തിരിഞ്ഞ് അധികാര വടംവലി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, മധ്യപ്രദേശിലെ മറ്റു കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എമാരെ ഹരിയാനയിലേക്കു മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."