ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചു; മടക്കം കാത്ത് നൂറു കണക്കിന് ഇന്ത്യക്കാര്‍
റോം: കൊവിഡ് 19 ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചു. ഓഫിസ് പ്രവര്‍ത്തനങ്ങളാണ് തല്‍ക്കാലം അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ അതേസമയം, പ്രവര്‍ത്തനം തുടരുമെന്നും റോമിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇറ്റലിയില്‍ എല്ലാ ഓഫിസുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്.
നൂറുകണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ കാത്ത് ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളിലുണ്ട്. എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ പല മലയാളികളെയും മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് ഇല്ലെന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാലാണ് മലയാളികള്‍ അടക്കമുള്ള മിക്കവരും വിമാനത്താവളത്തില്‍ കുടുങ്ങിയത്.
അതേസമയം, കൊവിഡ് ബാധിത രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ തിരികെയെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫിസറെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."