ഇസ്‌ലാമോഫോബിയാ കാലത്തെ മദ്‌റസകള്‍
ഇന്ത്യയിലെ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ സമകാലിക പരിസരങ്ങളുടെയും ഭൗതിക സാഹചര്യങ്ങളുടെയും നേര്‍ചിത്രം വരച്ചുകാട്ടുന്നതാണ് 'ഇസ്‌ലാമോഫോബിയയുടെ കാലത്തെ മദ്‌റസകള്‍' എന്ന പുസ്തകം. മദ്‌റസ വിദ്യാഭ്യാസ രംഗത്ത്, പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ഇന്ത്യയിലെ (വിശിഷ്യാ ഉത്തരേന്ത്യന്‍) മുസ്‌ലിം സമൂഹം സഞ്ചരിക്കേണ്ട ദൂരം വ്യക്തമാക്കുന്നതും കൂടിയാണ് ഈ കൃതി.
മദ്‌റസകളെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനായി ഇന്ത്യയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ ആരോപണങ്ങളെ അഭിമുഖീകരിക്കുകയും, അതിനുള്ള സാഹചര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളെ അതിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും കോടതി വിധികളുടെയും പശ്ചാത്തലത്തില്‍ വിവരിക്കുകയും ചെയ്യുന്നതോടൊപ്പം മദ്‌റസ വിദ്യാഭ്യാസം ഇന്ത്യന്‍ രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളെയും എടുത്ത് പറയുന്നുണ്ട് ഈ പുസ്തകം.
ഉത്തരേന്ത്യയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച മദ്‌റസ വിദ്യാഭ്യാസത്തില്‍ മതപഠനങ്ങള്‍ക്കപ്പുറം, ചരിത്ര പഠനവും, ശാസ്ത്രം, കരകൗശലം, തത്വശാസ്ത്രം എന്നിവ അടങ്ങിയിരുന്നു. ഈയൊരു സംവിധാനത്തെ പിന്നീട് വന്ന മുഗള്‍ രാജവംശവും അനുവര്‍ത്തിക്കുകയായിരുന്നു. അതോടെ ഭാരതീയരിലേക്ക് വേരൂന്നാന്‍ തുടങ്ങിയ മദ്‌റസ വിദ്യാഭ്യാസത്തെ, ഹിന്ദു- മുസ്‌ലിം വ്യത്യാസമില്ലാതെ നാനാ വിഭാഗം ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ബംഗാളിലെ മദ്‌റസയില്‍ പഠിച്ച രാജ റാം മോഹന്‍ റോയും, മദ്‌റസയിലെ മൗലവിയില്‍ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം കരസ്ഥമാക്കിയ, പിന്നീട് ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായ രാജേന്ദ്ര പ്രസാദും പ്രമുഖ എഴുത്തുകാരന്‍ മുന്‍ഷി പ്രേം ചന്ദും ഇതിനുള്ള ചില ഉദാഹരങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.
1857 ല്‍ ആദ്യത്തെ സ്വാതന്ത്ര്യസമരം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതരെ നാട് കടത്താനും, മദ്‌റസകള്‍ക്ക് പൂട്ടിടാനും തുടങ്ങി. ഈയൊരു സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധത്തില്‍ നിന്നാണ് ദാറുല്‍ ഉലൂം ദയൂബന്ദ് സ്ഥാപിക്കപ്പെടുന്നത്. നിലവാരമുള്ള മത വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മക്കോള പ്രഭു മുന്നോട്ടുവച്ച ബ്രിട്ടീഷ് വിദ്യാഭ്യാസ സംവിധാനത്തെ എതിര്‍ക്കാനും കൂടിയാണ് ദാറുല്‍ ഉലൂമിന്റെ സ്ഥാപനം എന്ന് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തെയും, അതിന്റെ ക്രിസ്ത്യന്‍ മത പ്രചരണത്തെയും പടിഞ്ഞാറിന്റെ കടന്നുകയറ്റത്തെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് 1894ല്‍ ലക്‌നൗവില്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ സ്ഥാപിക്കപ്പെടുന്നത്. ഇതോടൊപ്പം ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി മത സംഘടനകളും വ്യത്യസ്ത അവാന്തര വിഭാഗങ്ങളും ഒട്ടനവധി മദ്‌റസകള്‍ സ്ഥാപിച്ചു. അങ്ങനെ വളര്‍ന്ന് വന്ന മദ്‌റസകള്‍ ഇന്ന് ഇന്ത്യയില്‍ ആറായിരത്തിലധികമുണ്ടെന്ന് പ്രതിപാദിക്കപ്പെടുന്നുണ്ട്.
സമകാലിക ഇന്ത്യയിലെ മദ്‌റസകള്‍ സമൂഹത്തിലെ ദരിദ്ര വിഭാഗത്തിന്റെ മാത്രം വിദ്യാഭ്യാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുമ്പോള്‍, പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം എത്തിയ കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസമാണ് താരതമ്യേന മാതൃകായോഗ്യമായതെന്ന് ഈ പുസ്തകം എടുത്ത് പറയുന്നുണ്ട്. സമൂഹത്തിലെ എല്ലാവിധ ജനങ്ങള്‍ക്കും അനുയോജ്യമായ, സ്ത്രീ സമൂഹത്തിനും ലഭ്യമാകുന്ന, ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മദ്‌റസാ വിദ്യാഭ്യാസമാണ് കേരളത്തിലേതെന്ന് പറഞ്ഞുവയ്ക്കുമ്പോഴും; നിലവില്‍ പതിനായിരത്തിലധികം മദ്‌റസകള്‍ നടത്തുന്ന, കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ സംഘടനയായ സമസ്ത കേരള മത വിദ്യാഭ്യാസ ബോര്‍ഡിനെയും അതിന്റെ സംഭാവനകളെ കുറിച്ചും അര്‍ഹിച്ച പ്രാധാന്യത്തോടെ ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല ഈ പുസ്തകം. ഒട്ടനവധി ഡോക്ടറേറ്റ് ധാരികളെ വരെ സംഭാവന ചെയ്ത, ഇന്ത്യയില്‍ തന്നെ മാതൃകയായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്ന സ്ഥാപനങ്ങള്‍ സമസ്തയുടെ കീഴില്‍ നടന്നുകൊണ്ടിരിക്കെ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് തികച്ചും പരാജയമാണ്.
ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ നിലവിലെ ഭൗതിക അന്തരീക്ഷത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്ന ഈ പുസ്തകം, മദ്‌റസകളില്‍ പഠിപ്പിക്കപ്പെടുന്ന പാഠ്യ- പാഠ്യേതര വിഷയങ്ങളെക്കുറിച്ച് ഗഹനമായി ചര്‍ച്ച ചെയ്യാതെ പോവുന്നുണ്ട്.
ഇന്ത്യന്‍ മദ്‌റസകളെ ശാക്തീകരിക്കാന്‍ 1970 ലും, Modernization of Madrassa Program എന്ന പേരില്‍ 1993 ലും ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോഴും 2004 ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിറ്റി നിര്‍ദേശ പ്രകാരം 'Scheme for Providing Qualtiy Eduction in Madrassa' നടപ്പിലാക്കപ്പെട്ടപ്പോഴും മദ്‌റസ നടത്തുന്ന മുസ്‌ലിം നേതൃത്വം തിരിഞ്ഞു നില്‍ക്കുകയയിരുന്നു എന്ന യഥാര്‍ഥ്യം ഈ പുസ്തകം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മദ്‌റസകളിലേക്കുള്ള സര്‍ക്കാറിന്റെ കടന്നുകയറ്റത്തെ ഉത്തരേന്ത്യയിലെ മുസ്‌ലിം നേതൃത്വം ആഴത്തില്‍ ഭയക്കുന്നതാണ് ഇതിന്റെ പിന്നിലെ ഘടകമായി വിലയിരുത്തപ്പെടുന്നത്.
ഫ്രണ്ട്‌ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററും പ്രമുഖ എഴുത്തുകാരനുമായ സിയാഉ സലാം, മൗലാനാ അസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം. അസ്‌ലം പര്‍വേസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഈ പുസ്തകം സേജ് പബ്ലിക്ഷനാണ് പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."